ന്യൂഡൽഹി: 2020 ബ്രൂണൽ മെഡൽ ഇന്ത്യൻ നിർമ്മിത ഡാമായ മാംഗ്ദേച്ചു ജലവൈദ്യുത പദ്ധതിയ്ക്കു ലഭിച്ചു. ബ്രിട്ടണിലെ എൻജിനീയറിങ് മേഖലയിലെ അതികായരായ വിദഗ്ദ്ധ എഞ്ചിനീയറിംഗ് വിഭാഗമാണ് ഈ അവാർഡ് പ്രഖ്യാപിച്ചത്. ഭൂട്ടാനിൽ മാംഗ്ദേച്ചു ജലവൈദ്യുത പദ്ധതി ഇന്ത്യയിലെ എഞ്ചിനീയർ സംഘമാണ് രൂപകൽപ്പന ചെയ്ത് നിർമ്മിച്ചത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശസ്ത എഞ്ചിനീയറായിരുന്ന ഇസാംബാർഡ് കിങ്‌ഡം ബ്രൂണലിന്റെ പേരിലാണ് ഈ അവാർഡ് നൽകുന്നത്. ഒക്ടോബർ 5നാണ് അവാർഡ് പ്രഖ്യാപനം നടന്നത്. 2019 ഓഗസ്റ്റ് 17-ന് ഇന്ത്യൻ പ്രധാനമന്ത്രിയും ഭൂട്ടാൻ പ്രധാനമന്ത്രിയും ചേർന്നാണ് 720 മെഗാവാട്ട് ശേഷിയുള്ള മാംഗ്ദേച്ചു ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തത്. ഈ പദ്ധതി ഇരു രാജ്യങ്ങൾ തമ്മിലുള്ള നിർണായകമായ ബന്ധത്തിന്റെ പ്രതീകമാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഇരു രാജ്യങ്ങൾ തമ്മിലുള്ള ഒത്തൊരുമയും പ്രവർത്തനവും ഈ പദ്ധതിയിലൂടെ കാണാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭൂട്ടാൻ പ്രധാനമന്ത്രി ഡോ.ലോട്ടയ് ഷേറിങും ചേർന്ന് ഉദ്ഘാടനം നടത്തിയ ഡാമിന് അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഭൂട്ടാനിലെ ഇന്ത്യൻ അംബാസിഡറായ രുചിര കാംബോജ് വ്യക്തമാക്കി. ഒരു സംയോജിത ലക്ഷ്യത്തിനു വേണ്ടി ഇരുരാജ്യങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിനുള്ള ഉദാഹരണമാണ് ഈ അവാർഡെന്ന് രുചിര കാംബോജ് കൂട്ടിച്ചേർത്തു.










