നീസ് : ഫ്രാൻസിലെ നോത്ര പള്ളിയിൽ ആക്രമണം. ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടതായും മറ്റു ചിലർക്ക് പരിക്കേറ്റതായും നീസ് പോലീസ് പറഞ്ഞു. ഒരു സ്ത്രീയെ കഴുത്തറുത്തും മറ്റു രണ്ടു പേരെ കത്തിയുപയോഗിച്ച് കുത്തിയുമാണ് അക്രമി കൊലപ്പെടുത്തിയത്. കൊലയാളി അല്ലാഹു അക്ബർ എന്ന വാചകം ആവർത്തിച്ചു ഉപയോഗിച്ചിട്ടുണ്ടെന്നും, ഭീകരാക്രമണമാണ് നടന്നതെന്നുമാണ് സംഭവത്തെ കുറിച്ച് നഗരത്തിന്റെ മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി പ്രതികരിച്ചത്.
കുറ്റവാളിയെ പോലീസ് പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ നിർദേശിച്ചതായി ഫ്രാൻസിലെ ഭീകരവിരുദ്ധ പ്രോസിക്യൂട്ടേഴ്‌സ് ഡിപ്പാർട്മെന്റ് വ്യക്തമാക്കി. ദിവസങ്ങൾക്കു മുമ്പ് ഫ്രാൻസിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചർ ക്ലാസിൽ പ്രദർശിപ്പിച്ച ചരിത്ര അധ്യാപകൻ സാമുവൽ പാറ്റിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഈ പുതിയ അക്രമം ഫ്രാൻസിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നീസിലുണ്ടായ ആക്രമണത്തിനു പിന്നിലെ കാരണം പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ അക്രമത്തിനു പിന്നിലുള്ള കാരണം മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിലുള്ള വിദ്വേഷമാണോയെന്ന് വിശദമായി അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കാർട്ടൂൺ പ്രചരിച്ചതിന് ശേഷം, ഫ്രാൻസിനെ ലക്ഷ്യമാക്കി തുടർച്ചയായ ഭീഷണികൾ ലോകത്തിന്റെ പലഭാഗത്തുനിന്നും ഉയർന്നിരുന്നു.











