പാറ്റ്ന: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവ് കപിൽ സിബൽ. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനം കോൺഗ്രസിനെ ഒരു ബദലായി കാണുന്നില്ലെന്ന് പറഞ്ഞ കപിൽ സിബൽ, നേതൃത്വം ആത്മപരിശോധന നടത്തുന്നില്ലെന്നും കുറ്റപ്പെടുത്തി.
കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് കപിൽസിബൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അതിന്റെ കാരണം അന്വേഷിക്കാൻ തയ്യാറാവണമെന്നും, പാർട്ടിയിൽ പ്രതികരിക്കാൻ വേദികളില്ലെന്നും, അതു കൊണ്ടാണ് ആശങ്ക പരസ്യമാക്കുന്നതെന്നും കപിൽസിബൽ പ്രതികരിച്ചു.
ബിഹാറിൽ മികച്ച മുന്നേറ്റം കാഴ്ചവച്ച് ആർജെഡി, ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, കോൺഗ്രസ് കാര്യമായ സീറ്റുകളൊന്നും നേടിയില്ല എന്നത് മഹാസഖ്യത്തിന് തിരിച്ചടിയായി.









