ഡല്‍ഹി : ഒരേ റാങ്ക് ഒരേ പെന്ഷന് പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിമുക്തഭടന്മാരുടെ സമരം ഡല്‍ഹിയില്‍ തുടരും. തുടര്‍നടപടികള്‍ ആലോചിക്കാന്‍ വിമുക്തഭടന്മാരുടെ ചര്‍ച്ച ഇന്ന് നടക്കും.
സ്വയം വിരമിക്കുന്ന സൈനികരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, പെന്ഷന് വര്‍ഷം തോറും പുതുക്കുക, പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന വിദഗ്ധ സമിതിയില്‍ വിമുക്തഭടന്മാരെയും ഉള്‍പ്പെടുത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. മരണം വരെ നിരാഹാരം ഒഴിവാക്കി സമരം തുടരാനാണ് തീരുമാനം. കഴിഞ്ഞദിവസം ഒരേ റാങ്ക് ഒരേ പെന്ഷന് പദ്ധതി പ്രഖ്യാപിക്കുന്നതിന് മുന്‍പും ശേഷവും കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുമായി സമരപ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും ഇക്കാര്യങ്ങളില്‍ തീരുമാനമായിരുന്നില്ല. പദ്ധതി പ്രഖ്യാപനത്തിന് ശേഷം വിമുക്തഭടന്മാര് പ്രതിരോധമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തൃപ്തി രേഖപ്പെടുത്തിയെങ്കിലും വാഗ്ദാനങ്ങള്‍ രേഖാമൂലം നല്‍കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.
40 ശതമാനത്തിലധികംപേര്‍ സ്വയംവിരമിക്കുന്നവരാണ്. ഇവരെ പദ്ധതിയില്‍ നിന്നും ഒഴിവാക്കുന്നത് അംഗീകരിക്കാനാകില്ല. ഏകാംഗ ജുഡീഷ്യല്‍ കമ്മിഷന്റെ നിയമനം സ്വീകാര്യമല്ലെന്നും വിമുക്തഭടന്മാര് വ്യക്തമാക്കി.
ഒരേ റാങ്ക് ഒരേ പെന്ഷന് വിഷയത്തില്‍ വിമുക്ത ഭടന്മാരും സര്‍ക്കാരും തമ്മില്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു. ജന്തര്‍ മന്തറിലെ വിമുക്ത ഭടന്മാരുടെ സമരം നിരാഹാര സമരത്തിലേക്കു വഴിമാറിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ നേരിട്ട് ഇടപെട്ടിരുന്നു. മോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രമുഖ വാഗ്ദാനമായിരുന്നു ഒരേ റാങ്ക് ഒരേ പെന്ഷന് പദ്ധതി. 30 ലക്ഷത്തോളം വിമുക്ത ഭടന്മാര്ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.
Discussion about this post