ഡല്‍ഹി: അടുത്ത മൂന്ന്-നാല് മാസത്തിനുള്ളില്‍ കൊവിഡ് വാക്സിന് പുറത്തിറങ്ങുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്ദ്ധന്. ശാസ്ത്രീയമായ പരിശോധനയുടെ അടിസ്ഥാനത്തിലാകും 135 കോടി ജനങ്ങള്‍ക്ക് വാക്സിന് വിതരണം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
‘അടുത്ത മൂന്ന്-നാല് മാസത്തിനുള്ളില്‍ കൊവിഡ് -19 വാക്സിന് തയ്യാറാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ശാസ്ത്രീയമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് വാക്സിന് വിതരണം ചെയ്യാനുള്ള മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് പോരാട്ടത്തിലേര്‍പ്പെട്ടവര്‍ക്കും സ്വാഭാവികമായും മുന്‍ഗണന നല്‍കും.’ ഒരു വെബിനാറില്‍ സംസാരിക്കവെ മന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പ്രശംസിച്ച അദ്ദേഹം കഴിഞ്ഞ ഏതാനും മാസങ്ങളായി പകര്‍ച്ചവ്യാധിയെ ചെറുക്കാന്‍ വളരെ ധീരമായ ചില നടപടികളാണ് കേന്ദ്രം സ്വീകരിച്ചതെന്നും വ്യക്തമാക്കി.
വാക്സിനേഷന്റെ പ്രചാരണത്തിനായി വിശദമായ ആസൂത്രണം നടക്കുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി 2021 നമുക്കെല്ലാവര്‍ക്കും മികച്ച വര്‍ഷമായിരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കൊവിഡ് വാക്സിനായ കൊവാക്സിന് അവസാനഘട്ട പരീക്ഷണത്തിലേക്ക് കടക്കുകയാണ്. കൊവാക്സിന് ഫെബ്രുവരിയില്‍ പുറത്തിറങ്ങിയേക്കുമെന്ന് നേരത്തെ ഐ.സി.എം.ആര് ശാസ്ത്രജ്ഞന് പറഞ്ഞതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ തന്നെ വാക്സിന് പുറത്തിറങ്ങിയേക്കുമെന്നാണ് ഐ.സി.എം.ആര് ഉദ്യോഗസ്ഥന് പറഞ്ഞത്.
Discussion about this post