ഡല്‍ഹി: കണ്ടെയ്ന്‍മെന്റ് സോണിനു പുറത്ത് ലോക്ക്ഡൗണ്‍ വേണ്ടെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രസർക്കാർ. ചില സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും രാത്രി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള പ്രാദേശിക നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ കേന്ദ്രം അനുമതി നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് അനുമതി.
കണ്ടെയ്ന്‍മെന്റ് സോണിനു പുറത്ത് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കരുതെന്ന നിര്‍ദേശമുണ്ട്. ഡിസംബര്‍ ഒന്നു മുതല്‍ 31വരെയുള്ള കാലയളവിലാണ് പുതിയ മാര്‍ഗനിര്‍ദേശം നിലവിലുണ്ടാവുക.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവുകളില്ല. അതോടൊപ്പം വീടുവീടാന്തരം കയറിയുള്ള നിരീക്ഷണം നടത്താനും അതിനായി സംഘത്തെ നിയോഗിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര റഗുലര്‍ വിമാന സര്‍വിസുകള്‍ക്കുള്ള വിലക്ക് തുടരും. മത, രാഷ്ട്രീയ, സാംസ്‌കാരിക ചടങ്ങുകളില്‍ പരമാവധി പങ്കെടുക്കുന്നത് 50 പേരെന്ന പരിധി തുടരും. സംസ്ഥാനങ്ങളിലെ ഓഫിസുകളില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നടപടികളും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈക്കൊള്ളാം. പ്രതിവാര കൊവിഡ് പൊസിറ്റീവ് നിരക്ക് പത്തു ശതമാനത്തില്‍ കൂടുതലുള്ള നഗരങ്ങളില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് ഒരേ സമയം ഓഫിസിലെത്തുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതും ഓഫിസ് സമയങ്ങള്‍ പരിമിതപ്പെടുത്തുന്നതും മറ്റ് അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുന്നതും പരിഗണിക്കാം.
Discussion about this post