ഭോപ്പാൽ: ‘ലവ് ജിഹാദ്’ നടത്തുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ആരെങ്കിലും വിവാഹത്തിന്റെ പേരിൽ മതപരിവർത്തനം ആസൂത്രണം ചെയ്താൽ അവരെ നശിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
“സർക്കാർ എല്ലാവർക്കുമുള്ളതാണ്- എല്ലാ മതങ്ങൾക്കും ജാതികൾക്കും. സംസ്ഥാനത്ത് ഒരുവിധത്തിലുമുള്ള വിവേചനങ്ങളില്ല. പക്ഷേ, ആരെങ്കിലും ഞങ്ങളുടെ പെൺമക്കളോട് മോശമായ രീതിയിൽ പെരുമാറിയാൽ ഞാൻ അവരെ നശിപ്പിക്കും”- മന്ത്രി കൂട്ടിച്ചേർത്തു. മതപരിവർത്തനം ലക്ഷ്യമിട്ട് നടത്തുന്ന വിവാഹങ്ങൾ നിരോധിക്കാനുള്ള ഓർഡിനൻസ് പാസാക്കാനുള്ള നടപടികൾ മധ്യപ്രദേശിൽ പുരോഗമിക്കവെയാണ് ശിവരാജ് സിങ് ചൗഹാന്റെ ഈ പ്രസ്താവന.
അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമം കൊണ്ടുവരാനാണ് സാധ്യത. ഓർഡിനൻസ് അനുസരിച്ച്, ബലപ്രയോഗം, വഞ്ചന, പ്രലോഭനം എന്നിവയിലൂടെ ലൗ ജിഹാദിനു പ്രേരിപ്പിക്കുന്നവർക്ക് പരമാവധി 10 വർഷം വരെയായിരിക്കും തടവ് ശിക്ഷ ലഭിക്കുകയെന്ന് വ്യക്തമാക്കി നേരത്തെ, മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര രംഗത്തു വന്നിരുന്നു.







