രാജസ്ഥാൻ: പൊഖ്റാനിൽ ബോംബ് പൊട്ടിത്തെറിച്ച് 11 വയസ്സുകാരൻ മരിച്ചു. ശ്രാവൺ സിംഗ് എന്ന കുട്ടിയാണ് മരിച്ചത്. പൊഖ്റാൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ നിന്നും മോഷ്ടിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ശ്രാവണിന്റെ കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ജയ്സാൽമീറിലെ ലാത്തി പ്രദേശത്ത് ഞായറാഴ്ചയാണ് സംഭവം നടന്നത്. ശ്രാവണും സുഹൃത്ത് മഹിപാൽ സിംഗും കന്നുകാലികളെ മേയ്ക്കാൻ ഫയറിങ് റേഞ്ചിന് സമീപം പോയിരുന്നു. ഇവിടെ നിന്നാണ് ഉപയോഗിക്കാത്ത ഷെൽ ശ്രാവൺ മോഷ്ടിച്ചത്. ശേഷം, ഷെല്ലുമായി ജയ്സാൽമീറിലെ ഭദൗരിയ ഗ്രാമത്തിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള ക്ഷേത്രത്തിലെത്തിയ ഇവർ ഷെല്ലിൽ നിന്നും വസ്തുക്കൾ പുറത്തെടുക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് ഷെല്ല് പൊട്ടിത്തെറിച്ചത്.
ശ്രാവൺ സംഭവസ്ഥലത്ത് വച്ചു തന്നെ മരിക്കുകയായിരുന്നു. മഹിപാലിനെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൈനിക ഉദ്യോഗസ്ഥരും പോലീസും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post