സനാ : യെമനില്‍ ഹൂതി വിമതര്‍ക്കെതിരായ പോരാട്ടം അറബ് സഖ്യസേന ശക്തമാക്കുന്നു. ഇതിനു മുന്നോടിയായി ആയിരക്കണക്കിന് സൈനികര്‍ യെമനിലെത്തി. വെള്ളിയാഴ്ച ഹൂതികള്‍ നടത്തിയ മിസൈലാക്രമണത്തില്‍ അറുപത് സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കൂടുതല്‍ സേനയെ യെമനിലേക്കയക്കാന് അറബ് രാജ്യങ്ങള്‍ തീരുമാനിച്ചത്. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രണ്ട് മക്കളും അറബ് സൈന്യത്തിന്റെ ഭാഗമാകും. ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് രാജകുമാരനും ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് രാജകുമാരനുമാണ് യുദ്ധത്തില്‍ പങ്കെടുക്കാന്‍ യെമനിലെത്തുക.
ഹൂതികളെ തുരത്താന്‍ വ്യോമാക്രമണത്തിനു പുറമേ കരയുദ്ധവും ശക്തമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സൗദിയും ഖത്തറും കൂടുതല്‍ സൈനികരെ യെമനിലേക്കയച്ചു.
സൗദി യെമന്‍ അതിര്‍ത്തിയിലെ മാരിബ് കേന്ദ്രീകരിച്ചാണ് അറബ് സഖ്യസേനയുടെ പടയൊരുക്കം. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ ഈജിപ്തും സുഡാനും ദൗത്യത്തിന്റെ ഭാഗമാകുമെന്ന് സൂചനയുണ്ട്. സുഡാന്റെ ആറായിരം സൈനികര്‍ യെമനിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, യെമനില്‍ സൗദി നേതൃത്വത്തിലുള്ള സഖ്യസേനകളുടെ ആക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അല്‍ ഹുദെയ്ദ തുറമുഖത്ത് എണ്ണ കടത്തിക്കൊണ്ടുപോകുന്ന ബോട്ടുകള്‍ക്കു നേരെ സഖ്യസേന നടത്തിയ ആക്രമണത്തിലാണു മരണമെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കാര്‍ ഏതു സംസ്ഥാനത്തുനിന്നുള്ളവരാണെന്നു വ്യക്തമായിട്ടില്ല. എന്നാല്‍ ഇന്ത്യക്കാര്‍ ആക്രമിക്കപ്പെട്ടതായി വിദേശകാര്യ മന്ത്രാലയമോ യെമനിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളോ സ്ഥിരീകരിച്ചിട്ടില്ല.
Discussion about this post