ഡല്‍ഹി : കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കൊപ്പം ചര്‍ച്ച നടത്താനും പ്രശ്നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. വ്യവസായ ചേംബര്‍ എച്ച്‌ഡിസിസിഐയുടെ ഓണ്‍ലൈന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രതിഷേധിക്കുന്നവരില്‍ പലര്‍ക്കും അവര്‍ എന്തിനെതിരെ പ്രതിഷേധിക്കുന്നുവെന്ന് അവര്‍ക്ക് അറിയില്ല എന്നത് എന്നെ വേദനിപ്പിക്കുന്നു. സര്‍ക്കാര്‍ ഇപ്പോഴും കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നു’ – എന്നും അദ്ദേഹം പറഞ്ഞു.
‘ വലിയ തെറ്റിദ്ധാരണയുണ്ടായിട്ടുണ്ട്. ആരുമായും ഇരുന്നു ചര്‍ച്ച നടത്തി ഇത് പരിഹരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.’ – അദ്ദേഹം പറഞ്ഞു. മൂന്ന് ആവശ്യങ്ങളുണ്ടായിരുന്നു. ‘ എംഎസ്പി (മിനിമം സപ്പോര്‍ട്ട് പ്രൈസ്) എടുത്തു കളയരുത്, മാന്‍ഡി നിലനിര്‍ത്തണം, ആരും രഹസ്യമായി കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കരുത്’ – ഇവയെല്ലാം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബര്‍ അവസാനമോ 2021-ന്റെ ആദ്യ പാദമോ (ജനുവരി-മാര്‍ച്ച്) നമ്മള്‍ വീണ്ടും കോവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് മടങ്ങിയേക്കുമെന്ന് സിവില്‍ ഏവിയേഷന്‍ പോര്‍ട്ട്ഫോളിയോയും കൈകാര്യം ചെയ്യുന്ന മന്ത്രി ഹര്‍ദീപ് സിംഗ് പറഞ്ഞു.
മാര്‍ച്ചില്‍ ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ സിവില്‍ ഏവിയേഷന്‍ പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചിരുന്നു. പിന്നീട് ഒരു ദിവസം 30,000 യാത്രക്കാര്‍ എന്ന രീതിയില്‍ മെയ് 25-ന് വീണ്ടും തുറന്നു. എന്നാല്‍, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് 2,53,000 യാത്രക്കാരുണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post