ഡല്‍ഹി: ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയിലൂടെ പ്രതിരോധ സഹകരണത്തിനൊരുങ്ങി ഇന്ത്യയും ഫ്രാന്‍സും. ഇന്ത്യക്കാവശ്യമായ ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി പ്രകാരം സാങ്കേതിക വിദ്യ കൈമാറ്റം ചെയ്ത് ഇവിടെത്തന്നെ നിര്‍മ്മിക്കാനാണ് ഫ്രാന്‍സുമായി തീരുമാനമായിരിക്കുന്നത്. രാജ്യത്തെ പ്രതിരോധ രംഗത്തെ ഉന്നതരും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവല്‍ ബോണും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്.
യുദ്ധവിമാനങ്ങള്‍ 70 ശതമാനവും ഇന്ത്യയില്‍ നിര്‍മ്മിക്കാമെന്ന ഫ്രാന്‍സിന്റെ വാഗ്ദാനം ഇന്ത്യയ്ക്ക് കൂടുതല്‍ റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് സഹായകമാകും. മാത്രമല്ല ഇവയുടെ നിര്‍മ്മാണ ചിലവിലും അതിനനുസൃതമായ കുറവുമുണ്ടാകും. പാന്ഥര്‍ ഹെലികോപ്റ്ററുകള്‍ക്ക് 100 ശതമാനം സാങ്കേതിക വിദ്യ കൈമാറ്റത്തിനുളള വാഗ്ദാനവും ഫ്രാന്‍സ് നല്‍കിയിട്ടുണ്ട്. നാവികസേനയുടെ യുദ്ധകപ്പലുകളിലാണ് കൂടുതലായി പാന്ഥര്‍ ഉപയോഗിക്കുക. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്നതും കപ്പല്‍ ഡോക്കുകളിലും കര പ്രദേശങ്ങളിലും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് പാന്ഥര്‍ ഹെലികോപ്റ്ററുകള്‍.
ഇന്ത്യയ്ക്ക് കൈമാറുന്ന പ്രതിരോധ സാങ്കേതിക വിദ്യ മറ്റാര്‍ക്കും കൈമാറില്ലെന്നാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ ഈയിടെ പ്രതിരോധ സൗഹൃദ രാജ്യമായ പാകിസ്ഥാന്റെ പ്രധാനമന്ത്രി ഇമ്രാന്ഖാന് വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നു. തുടര്‍ന്ന് പാകിസ്ഥാനുമായി അകന്ന ഫ്രാന്‍സ് ഇന്ത്യയുമായി സൗഹൃദം മെച്ചപ്പെടുത്തിയിരിക്കയാണ്. പാകിസ്ഥാനുമായും തുര്‍ക്കിയുമായും ഫ്രാന്‍സിന് ഇനി പ്രതിരോധ ഇടപാടുകളോ നിലവിലുളള കരാറുകളുടെ പുതുക്കലോ ഉണ്ടാകില്ല. ഇന്തോ-പസഫിക്, ഇന്ത്യന്‍ മഹാ സമുദ്ര ഭാഗങ്ങളില്‍ ചൈനയ്ക്കെതിരെ നിരീക്ഷണം ശക്തമാക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. യു.എ.ഇ, സിംഗപ്പൂര്‍.മലേഷ്യ, ഇന്തോനേഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളോടൊപ്പം നടത്തുന്ന നാവിക അഭ്യാസത്തിന് ഫ്രാന്‍സ് ഇന്ത്യയെയും ക്ഷണിച്ചു.
Discussion about this post