ബംഗളൂരു : ഇലക്ട്രിക് യുഗത്തിലേക്ക് ലോകം ചുവടു വയ്ക്കുമ്പോൾ ഏറ്റവും ആവശ്യമുള്ള ഒരു മൂലകമാണ് ലിഥിയം. വൈദ്യുത കാറുകളുടെ നട്ടെല്ലായ ബാറ്ററിക്കായാണ് ലിഥിയം ഉപയോഗിക്കുന്നത്. ലിഥിയം ശേഖരമുള്ള രാജ്യങ്ങളുടെ തലവര മാറ്റുന്ന അവസ്ഥയാണ് ഭാവിയിൽ ഉണ്ടാകാൻ പോകുന്നതും.
നിലവിൽ ഇന്ത്യക്ക് പ്രതീക്ഷിക്കാവുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. കർണാടകയിലെ മാണ്ഡ്യയിൽ ലിഥിയം ശേഖരം കണ്ടെത്തിയതായി ആറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ്പ്ലോറേഷൻ ആൻഡ് റിസർച്ചാണ് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ലിഥിയം ശേഖരം കണ്ടെത്താൻ കഴിഞ്ഞിരിക്കുന്നത്. വളരെ ചെറിയൊരു ശേഖരം മാത്രമേ ഇവിടെയുള്ളൂ എങ്കിലും നൂറു ശതമാനം ഇറക്കു മതി ചെയ്യുന്ന ഇന്ത്യക്ക് ഇത് വലിയ നേട്ടമാണ്.
കർണാടകയ്ക്ക് പുറമേ രാജസ്ഥാനിലും ഒഡിഷയിലും ഗുജറാത്തിലും ലിഥിയം വേർതിരിച്ചെടുക്കാനുള്ള പര്യവേക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
ലോകത്തെ ലിഥിയം അയൺ ബാറ്ററികളുടെ 65 ശതമാനവും വിൽപ്പന നടത്തുന്നത് നിലവിൽ ചൈനയാണ്. ചൈനയുടെ സ്വാധീനം കുറയ്ക്കാൻ ചിലി , ബൊളീവിയ, അർജന്റീന എന്നീ രാജ്യങ്ങളുമായി ചേർന്ന് ലിഥിയം ഖനനത്തിന് കരാർ ഉണ്ടാക്കാൻ ഇന്ത്യൻ കമ്പനികൾ ശ്രമം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിനിടയിലാണ് പ്രതീക്ഷ ഉണർത്തുന്ന വാർത്തകൾ പുറത്തുവരുന്നത്.
Discussion about this post