ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ നായകൻ എം.എസ്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ അതേ ദിവസം തന്നെ താനും വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നിലെ വൈകാരികമായ കാരണങ്ങൾ വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. 2020 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തിൽ വൈകിട്ട് 7:29-ന് ധോണി വിരമിക്കൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു റെയ്നയും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പാഡഴിച്ചത്.
മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ധോണിയും താനും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചും ആ അവിസ്മരണീയ നിമിഷത്തെക്കുറിച്ചും റെയ്ന മനസ്സ് തുറന്നത്. കോവിഡ് കാലത്ത് ഐപിഎല്ലിനായി യുഎഇയിലേക്ക് തിരിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബയോ-ബബിളിൽ ഇരിക്കുമ്പോഴായിരുന്നു ഇരുവരുടെയും പ്രഖ്യാപനം. ഡ്രസിംഗ് റൂമിൽ വെച്ച് താനും വിരമിച്ച വിവരം പറഞ്ഞപ്പോൾ “നീയെന്താ ഈ ചെയ്തത്?” എന്ന് ചോദിച്ച് ധോണി അമ്പരന്നുപോയതായി റെയ്ന ഓർത്തെടുത്തു. രാജ്യത്തിന് വേണ്ടി ഏറെ കാര്യങ്ങൾ ചെയ്തുകഴിഞ്ഞെന്നും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അതാണ് ഏറ്റവും അനുയോജ്യമായ സമയമെന്ന് തോന്നിയതുകൊണ്ടാണ് അന്ന് അത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ക്രിക്കറ്റ് കരിയർ വളർത്തിയെടുക്കാൻ സ്വന്തം ബാറ്റിംഗ് പൊസിഷൻ പോലും ത്യാഗം ചെയ്ത നായകനായിരുന്നു ധോണിയെന്നും റെയ്ന അനുസ്മരിച്ചു. സൗരവ് ഗാംഗുലിയുടെ കീഴിൽ മധ്യനിരയിൽ തിളങ്ങിയിരുന്ന ധോണി, തനിക്കും യുവരാജ് സിംഗിനും മുന്നിൽ കളിക്കാൻ അവസരമൊരുക്കി സ്വയം ഫിനിഷറുടെ റോളിലേക്ക് മാറുകയാണുണ്ടായത്. സ്വന്തം നേട്ടങ്ങളേക്കാൾ എന്റെ ബാറ്റിംഗ് കഴിവുകളിൽ ഒരു ക്യാപ്റ്റൻ അത്രയധികം വിശ്വാസമർപ്പിക്കുമ്പോൾ ആ നായകന് വേണ്ടി ജീവൻ കൊടുത്തും കളിക്കുക എന്നതായിരുന്നു തന്റെ ചിന്തയെന്നും റെയ്ന പറഞ്ഞു.
തലച്ചോറുകൊണ്ട് ചിന്തിക്കാതെ ഹൃദയം കൊണ്ട് എടുത്ത തീരുമാനങ്ങളായിരുന്നു കളിക്കളത്തിലെ സൗഹൃദവും ഒപ്പമുള്ള വിരമിക്കലുമെല്ലാം. ഒരാൾ നമുക്കായി ഇത്രയധികം കാര്യങ്ങൾ വിട്ടുതരുമ്പോൾ തിരികെ നൽകാൻ വലിയൊരു മനസ്സുണ്ടാകണമെന്നും, പണം പലരുടെയും കയ്യിലുണ്ടാകുമെങ്കിലും സൗഹൃദത്തിന് വേണ്ടി ഹൃദയം തുറന്നുവെക്കാനാണ് തങ്ങൾ എപ്പോഴും ആഗ്രഹിച്ചതെന്നും സുരേഷ് റെയ്ന വികാരഭരിതനായി കൂട്ടിച്ചേർത്തു.












