‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിൽ ശത്രുരാജ്യത്തിന്റെ പോർവിമാനങ്ങൾക്ക് വിറളിയുണ്ടാക്കിയ റഷ്യൻ നിർമ്മിത എസ്-400 ‘ത്രയംഫ്’ വ്യോമപ്രതിരോധ സംവിധാനത്തിന്റെ അഞ്ച് സ്ക്വാഡ്രണുകൾ കൂടി സ്വന്തമാക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ചെലവുകളുടെ പട്ടികയും വില വിവര നിർദ്ദേശങ്ങളും (Bill of Quantities) റഷ്യ ഭാരതത്തിന് കൈമാറി. 2018-ൽ ഒപ്പുവെച്ച 5.43 ബില്യൺ ഡോളറിന്റെ കരാർ പ്രകാരമുള്ള അഞ്ചാമത്തെയും അവസാനത്തെയും എസ്-400 സംവിധാനം ഈ വർഷം നവംബറോടെ ഇന്ത്യയിലെത്തും. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
ചൈനീസ് അതിർത്തിയോട് ചേർന്നുള്ള കിഴക്കൻ മേഖലയിൽ അഞ്ചാമത്തെ എസ്-400 സംവിധാനം വിന്യസിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. മോസ്കോയുമായുള്ള വിലപേശലുകൾ പൂർത്തിയായി ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ കേന്ദ്ര കാബിനറ്റ് കമ്മിറ്റി അന്തിമ അംഗീകാരം നൽകും. ചൈന തങ്ങളുടെ അത്യാധുനിക ജെ-20 അഞ്ചാം തലമുറ പോർവിമാനങ്ങൾ ടിബറ്റൻ അതിർത്തികളിൽ വിന്യസിച്ച പശ്ചാത്തലത്തിൽ, റഷ്യയുടെ സുഖോയ് Su-57 വിമാനങ്ങളിൽ വ്യോമസേന താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും നിലവിൽ അത് വാങ്ങുന്ന കാര്യത്തിൽ രാജ്യം തീരുമാനമെടുത്തിട്ടില്ല.
കഴിഞ്ഞ വർഷം നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ വേളയിൽ എസ്-400 നൽകിയ പ്രഹരം അതിശക്തമായിരുന്നു. പാകിസ്ഥാൻ പ്രദേശത്തിനുള്ളിൽ 314 കിലോമീറ്റർ അകലെ പറന്ന പാക് മുൻകൂർ മുന്നറിയിപ്പ് വിമാനത്തെ (AWACS) എസ്-400 ന്റെ ദീർഘദൂര മിസൈൽ തകർത്തെറിഞ്ഞിരുന്നു. ആദംപൂരിലെയും ഭുജിലെയും ഇന്ത്യൻ വ്യോമസേനാ താവളങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ കാമികാസ ഡ്രോണുകൾ അയച്ചെങ്കിലും, എസ്-400 വ്യോമപാതയിൽ ഭയം വിതച്ചതോടെ ഒരു പാക് വിമാനത്തിനും അതിർത്തിയിലേക്ക് അടുക്കാനായില്ല. ഇന്ത്യൻ ബ്രഹ്മോസ് മിസൈലുകളും എസ്-400, ആകാശ് തിർ സംവിധാനങ്ങളും ചേർന്ന് പാകിസ്ഥാന്റെ 7 എയർക്രാഫ്റ്റുകൾ തകർക്കുകയും 11 വ്യോമതാവളങ്ങൾ ആക്രമിക്കുകയും ചെയ്തതോടെ പാക് വ്യോമസേനയ്ക്ക് തങ്ങളുടെ വിമാനങ്ങൾ അഫ്ഗാൻ അതിർത്തിയിലേക്ക് മാറ്റേണ്ടി വന്നിരുന്നു. ഈ അപാര ശേഷി മുൻനിർത്തിയാണ് ഇന്ത്യ വീണ്ടും എസ്-400 വാങ്ങാൻ റഷ്യയെ സമീപിച്ചിരിക്കുന്നത്.








