ഡൽഹി: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ വ്യക്തമാക്കി കേന്ദ്ര റിപ്പോർട്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ പകുതിയിലേറെ കൊവിഡ് കേസുകളും കേരളത്തിലാണ് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം ദിനംപ്രതി കുറഞ്ഞു വരുമ്പോഴാണ് കേരളത്തിൽ ഈ അവസ്ഥ തുടരുന്നത്.
രാജ്യത്ത് ആകെ 11,039 കൊവിഡ് കേസുകളാണ് കഴിഞ്ഞ മണിക്കൂറുകളിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 5716 കേസുകളും കേരളത്തിലാണ്. കൊവിഡ് വ്യാപനം അതിതീവ്രമായിരുന്ന മഹാരാഷ്ട്രയിൽ പോലും 1927 കേസുകൾ മാത്രമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ കേരളത്തിലേക്കും മഹാരാഷ്ട്രയിലേക്കും വീണ്ടും പ്രത്യേക സംഘത്തെ അയക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ നടപടികളിൽ വീഴ്ച വന്നതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിൽ ഒന്നാമതായ കേരളത്തിൽ ടെസ്ററ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ അഞ്ചിരട്ടിയാണ്. രോഗവ്യാപനം രൂക്ഷമായ രാജ്യത്തെ 12 ജില്ലകളും കേരളത്തിലാണ് എന്നതും വസ്തുതയാണ്.
Discussion about this post