ഡല്‍ഹി: ജെഎൻയുവിൽ 2016 ഫെബ്രുവരിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്ന കേസില്‍ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയവരുള്‍പ്പെടെ പത്ത് പേര്‍ക്ക് ഡല്‍ഹി പാട്യാല ഹൗസ് കോടതി സമന്‍സ് അയച്ചു. മാര്‍ച്ച് 15-ന് ഇവര്‍ കോടതിയില്‍ ഹാജരാകണം.
കേസില്‍ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിച്ചാണ് കോടതി നടപടി. അക്വൂബ് ഹുസൈന്, മുജീബ് ഹുസൈന് ഗാട്ടൂ, മുനീബ് ഹുസൈന് ഗാട്ടൂ, ഉമര്‍ ഗുല്‍, റയീസ് റസൂല്‍, ബഷാറത്ത് അലി, ഖാലിദ് ബഷീര്‍ ഭട്ട് എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍.
2016 ഫെബ്രുവരി 9ന് ജെഎന്‍യുവിലെ സബര്‍മതി ധാബയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പാര്‍ലമെന്റ് ആക്രമണക്കേസിലെ സൂത്രധാരന്‍ അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ ഇവര്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നാണ് ആരോപണം.
കേസില്‍ അറസ്റ്റിലായ കനയ്യ അടക്കമുള്ളവരെ പിന്നീട് കോടതി ജാമ്യത്തില്‍ വിടുകയായിരുന്നു. 1200 പേജുള്ള കുറ്റപത്രമാണ് കേസില്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
Discussion about this post