ഡൽഹി: മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നുള്ള ലോക്‌സഭാ എംപി നവനീത് റാണയ്ക്ക് വധഭീഷണി. ഡൽഹി നോർത്ത് അവന്യൂവിലെ തന്റെ ഫ്ലാറ്റിലേക്കാണ് ഭീഷണികത്ത് എത്തിയത്. ഇതുമായി ബന്ധപ്പെട്ട് റാണ പൊലീസിൽ പരാതി നൽകി.
പാർലമെന്റിൽ ശിവസേനയ്‌ക്കെതിരെ സംസാരിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് കത്തിൽ എഴുതിയിട്ടുള്ളത്. റാണയുടെ പരാതിക്ക് ശേഷം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നുള്ള സ്വതന്ത്ര എംപിയായ റാണയാണ് പരാതി നൽകിയതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
ലോക്‌സഭയിൽ ശിവസേനയ്‌ക്കെതിരെ അവഹേളനപരമായ ഭാഷയിൽ റാണ സംസാരിച്ചിട്ടുണ്ടെന്നും ഇനിയും ഇത് തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ആണ് കത്തിൽ ഭീഷണി. റാണയുടെ പരാതിയെ തുടർന്ന് നോർത്ത് അവന്യൂ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
ശിവസേന നേതാവ് സഞ്ജയ് റാവത്ത് തന്നെ ഭീഷണിപ്പെടുത്തിയെന്നും എംപി ആരോപിച്ചിട്ടുണ്ട്. ശിവസേന നേതാവ് സഞ്ജയ് റാവത്തും മുൻ ശിവസേന എംപി ആനന്ദറാവു അഡെസുമാണ് കത്ത് അയച്ചതെന്ന് സംശയിക്കുന്നതായി എംപി പരാതിയിൽ വ്യക്തമാക്കുന്നു. ഭീഷണിപ്പെടുത്തുന്ന ഫോൺ കോളുകളും വന്നിട്ടുണ്ട്. അതിൽ മോശം ഭാഷ ഉപയോഗിച്ചാണ് സംസാരിക്കുന്നത്. കൊല്ലുമെന്നാണ് അവരുടെ ഭീഷണിയെന്നും റാണ പറഞ്ഞു.











