തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിൽ മന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. താൻ നടപടിക്ക് നിർദേശിച്ച 35 പ്രധാന ഫയലുകൾ പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് പിടിച്ചുവെച്ചിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ മുഖ്യമന്ത്രി വി.ഡി. സതീശനോട് പരാതിപ്പെട്ടു.ഐ.എ.എസ് ഉദ്യോഗസ്ഥയുടെ നിലപാടിൽ വിയോജിപ്പറിയിച്ച മന്ത്രി, ശർമിള മേരി ജോസഫിനെ ആരോഗ്യവകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ചുമതലയിൽ നിന്ന് ഉടനടി മാറ്റണമെന്ന ആവശ്യവും മുഖ്യമന്ത്രിക്ക് മുന്നിൽ വെച്ചിട്ടുണ്ട്.
വകുപ്പിലെ ഭരണപരമായ കാര്യങ്ങളിലും സുപ്രധാന തീരുമാനങ്ങളിലും പ്രിൻസിപ്പൽ സെക്രട്ടറി മനഃപൂർവം കാലതാമസം വരുത്തുന്നുവെന്നാണ് മന്ത്രിയുടെ പ്രധാന ആരോപണം. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥയും തമ്മിലുള്ള ഭിന്നത പരസ്യമായതോടെ ആരോഗ്യവകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പോലും താളംതെറ്റുന്ന അവസ്ഥയിലാണ്. മന്ത്രി ഒപ്പിട്ട് നൽകിയ നിർണായക ഫയലുകളിൽ പോലും തുടർനടപടികൾ സ്വീകരിക്കാതെ പ്രിൻസിപ്പൽ സെക്രട്ടറി അടയിരിക്കുകയാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
നേരത്തെയും വകുപ്പിലെ പല തീരുമാനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. എന്നാൽ 35-ഓളം ഫയലുകളിൽ നടപടിയെടുക്കാതെ വൈകിപ്പിക്കുന്നു എന്ന വിവരം പുറത്തുവന്നതോടെയാണ് വിഷയം ഗുരുതരമായ തലത്തിലേക്ക് നീങ്ങിയത്. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ പോലും സെക്രട്ടറിതലത്തിൽ തീരുമാനങ്ങൾ വൈകുന്നത് വകുപ്പിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് മന്ത്രിയുടെ നിലപാട്. വിഷയം അതീവ ഗൗരവത്തോടെ കണ്ട മുഖ്യമന്ത്രി സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കാത്ത രീതിയിൽ പരിഹരിക്കാൻ ഇടപെട്ടേക്കുമെന്നാണ് വിവരം. ഉദ്യോഗസ്ഥതലത്തിലെ ഈ ശീതയുദ്ധം വരും ദിവസങ്ങളിൽ ഭരണതലത്തിൽ വൻ ചർച്ചയാകാനാണ് സാധ്യത.












