തിരുവനന്തപുരം : തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതി കൊച്ചി മെട്രോ മാതൃകയില്‍ നടപ്പാക്കാമെന്ന് കാട്ടി കേരളം കേന്ദ്രത്തിന് പുതിയ കത്തയച്ചു.
പദ്ധതിക്കായി 20 ശതമാനം തുക വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കണമെന്നും 60 ശതമാനം തുക വായ്പയായി കണ്ടെത്തുമെന്നും കത്തില്‍ പറയുന്നു. ഡിഎംആര്‍സി സമര്‍പ്പിച്ച വിശദ പദ്ധതി റിപ്പോര്‍ട്ട് അംഗീകരിക്കുന്നതായും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പദ്ധതിക്കായി കേരളം ആദ്യം നല്കിയ കത്ത് അവ്യക്തമായിരുന്നു. ഇതു വാര്‍ത്തയായതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടു പുതിയ കത്തയക്കാന്‍ നിര്‍ദ്ദേശിച്ചത്
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയാണ് പുതിയ കത്തയച്ചത്. പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ചുമതല ഡി.എം.ആര്.സിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു എന്നാല്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ കേന്ദ്ര അനുമതിക്ക് ശേഷം മാത്രമാണെണെന്നാണ് കത്തില്‍ പറയുന്നത്.
ധനസമാഹരണ മാര്‍ഗം, വായ്പ, കേന്ദ്രസംസ്ഥാന വിഹിതങ്ങള്‍ എന്നിവ കൂടാതെ പദ്ധതി നടപ്പാകുമ്പോള്‍ ഉണ്ടാകുന്ന ഗതാഗതസംവിധാനങ്ങളും ക്രമീകരണങ്ങളും ഉള്‍ക്കൊള്ളിച്ച പഠനം,സമഗ്ര മൊബിലിറ്റി പ്ലാന്‍ എന്നിവയും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ നല്കിയ കത്തില്‍ കേന്ദ്ര നഗരാസൂത്രണ മന്ത്രാലയം വിയോജനക്കുറിപ്പ് എഴുതിയിരുന്നു. പദ്ധതിക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് വിശദ പഠനറിപ്പോര്‍ട്ടിനൊപ്പം കത്തുനല്‍കിയത്. പദ്ധതിയുടെ അനിവാര്യത ചൂണ്ടിക്കാട്ടാതെ നല്കിയ കത്ത് സംസ്ഥാന സര്‍ക്കാരിന്റെ താല്പര്യമില്ലായ്മ വെളിപ്പെടുത്തുന്നതാണെന്ന് അന്നേ വിമര്‍ശമുയര്‍ന്നിരുന്നു. നഗരാസൂത്രണ മന്ത്രാലയം വിയോജനക്കുറിപ്പെഴുതിയ പശ്ചാത്തലത്തിലാണ് പ്രസ്തുത കത്തിന് പകരമായി പദ്ധതിയുടെ അനിവാര്യത ചൂണ്ടിക്കാട്ടി മറ്റൊരു കത്തയച്ചത്.
കഴിഞ്ഞയാഴ്ചയാണ് പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ ഭരണാനുമതി നല്‍കിയത്.
Discussion about this post