ഹൈദരാബാദ്: രാജ്യത്ത് മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സിൻ പരീക്ഷണം ആരംഭിച്ചു. ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കാവുന്ന നേസല്‍ കോവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഹൈദരാബാദിലാണ് ആരംഭിച്ചത്. ബുധനാഴ്ച പത്ത് വോളണ്ടിയര്‍മാര്‍ വാക്‌സിന്‍ സ്വീകരിച്ചു.
ആദ്യഘട്ട വാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. ഹൈദരാബാദിന് പുറമേ പട്‌ന, ചെന്നൈ, നാഗ്പൂര്‍ എന്നീ നഗരങ്ങളിലും നേസല്‍ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഉടന്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ രാജ്യത്താകമാനം 175 പേരിലാണ് നേസല്‍ വാക്‌സിന്‍ പരീക്ഷിക്കുക.
നാഗ്പൂരില്‍ പരീക്ഷണത്തിനായി എത്തിക്‌സ് കമ്മിറ്റിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ചെന്നൈയില്‍ പരീക്ഷണത്തിനുള്ള അനുമതി ബുധനാഴ്ച ലഭിച്ചു. വാക്‌സിന്‍ സ്വീകരിക്കാന്‍ താത്പര്യമുള്ളവരെ കണ്ടെത്താൻ നടപടികൾ ആരംഭിച്ചു.
വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി സഹകരിച്ചാണ് ഭാരത് ബയോടെക് നേസല്‍ വാക്‌സിന്‍ വികസിപ്പിച്ചത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ നിലവിൽ രാജ്യത്ത് ഉപയോഗിച്ചു വരുന്നുണ്ട്.
Discussion about this post