പരവൂര്‍: പൂതക്കുളത്ത് ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് സുജിത്തിനെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ മുന്‍ മേഖലാ പ്രസിഡന്റും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ മള്ളൂരാന് എന്ന് വിളിക്കുന്ന ഗിരീഷ് (35), പൂതക്കുളത്ത് ബാര്‍ബര്‍ഷോപ്പ് നടത്തുന്ന ചന്തു എന്നിവരെ ചാത്തന്നൂര്‍ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാള്‍ ഒളിവിലാണ്. ഗുരുതര പരിക്കേറ്റ സുജിത്തിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രി ചാത്തന്നൂരില്‍നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍ പൂതക്കുളം മിനി സ്റ്റേഡിയത്തിന് സമീപത്ത് വെച്ചാണ് ആക്രമണം. ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
നിലവിളി കേട്ട് നാട്ടുകാര്‍ ഉണര്‍ന്നതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. പിടിയിലായ പ്രതികളെ പരവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പൊലീസ് പറഞ്ഞു.
Discussion about this post