പാലക്കാട്: ആഴക്കടൽ മത്സ്യ ബന്ധന പദ്ധതി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാൽ. “വിവാദത്തിൽ നിന്ന് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സാങ്കേതികത്വം പറഞ്ഞ് തടിയൂരാനുള്ള പരിശ്രമം വിലപ്പോകില്ല. കഴിഞ്ഞ ദിവസം പുറത്ത് വന്ന തെളിവുകൾ സര്‍ക്കാരിന്‍റെ ഗൂഢാലോചന വെളിവാക്കുന്നതാണ്” കെ സി വേണുഗോപാൽ പറഞ്ഞു.
മന്ത്രി ലത്തീൻ സഭയ്ക്ക് എതിരെയാണെന്നും, കള്ളം കയ്യോടെ പിടികൂടിയതിന്‍റെ ജാള്യത മറിക്കാനാണ് സഭക്കെതിരായ നീക്കമെന്നും, മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ഇക്കാര്യത്തിൽ പൂർണ കുറ്റക്കാർ ആണെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഇതെല്ലാം കാണുമ്പോൾ കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്ത് ഉണ്ടായിരുന്നത് ഉദ്യോഗസ്ഥ ഭരണമാണോ എന്നാണു തോന്നുന്നതെന്നും, തെറ്റുകാരനല്ല എന്ന് തന്നെയാണ് നിലപാടെങ്കിൽ ഉദ്യോഗസ്ഥരാണ് ഞങ്ങളെ ഭരിച്ചിരുന്നതെന്ന് മുഖ്യമന്ത്രി സമ്മതിക്കട്ടെ എന്നും കെസി അദ്ദേഹം കൂട്ടിച്ചേർത്തു.
ജനാധിപത്യത്തെ അട്ടിമറിക്കാൻ സിപിഎം നടത്തിയ ഗൂഢാലാചനയാണ് വോട്ടര്‍ പട്ടികയിലെ ക്രമക്കേടെന്ന് പറഞ്ഞ അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എഐസിസി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്നും പറഞ്ഞു.
“സിപിഎം നടത്തുന്നത് കൃത്രിമ ഭൂരിപക്ഷമുണ്ടാകാനുള്ള ശ്രമമാണ് .വസ്തുനിഷ്ഠമായ പരാതിയാണ് കോൺഗ്രസ് നൽകിയത്. 70 ശതമാനം പരാതികളും ശരിയെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശക്തമായ ഇടപെടലാണ് വേണ്ടത്. അതിനാലാണ് എഐസിസി സംഘം നേരിട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത്” കെ സി വേണുഗോപാൽ പറഞ്ഞു.
Discussion about this post