തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കുകയാണെന്നും, സ്വപ്‌നയുടെ മൊഴിയെന്ന പേരില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ വാദങ്ങള്‍ ഉന്നയിക്കുകയാണെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ ആലോചന നടത്തിയിരുന്നെന്നും ദുരുദ്ദേശത്തോടെ തന്നെ ഫ്‌ളാറ്റിലേക്ക് വിളിച്ചു എന്നുമുള്ള സ്വപ്‌ന സുരേഷിന്റെ മൊഴിക്കെതിരെയാണ് സ്പീക്കറുടെ പോസ്റ്റ്.
സര്‍ക്കാരിനെ അപകീർത്തിപ്പെടുത്താനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും, മുഖ്യമന്ത്രിയേയും സ്പീക്കറിനേയും വ്യക്തിഹത്യ ചെയ്യാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും അതിനെ ഏത് വിധേനയും നേരിടുമെന്നും സ്പീക്കര്‍ വ്യക്തമാക്കുന്നു.
പി. ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
” ‘മൊഴി’ എന്ന രൂപത്തില്‍ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരം താഴുന്നത് ജനധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്തിന് ഭൂഷണമല്ല. കള്ളക്കടത്തു കേസുകള്‍ സ്വന്തം പാര്‍ട്ടിയില്‍ ചെന്ന് മുട്ടി നില്‍ക്കുമ്ബോള്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ സര്‍ക്കാരിനും, ബഹു. മുഖ്യമന്ത്രിക്കും, സ്പീക്കറിനും എതിരെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തില്‍ ‘മൊഴികള്‍’ ഉണ്ടാക്കി വ്യക്തിഹത്യ നടത്താനുള്ള പുറപ്പാട് അംഗീകരിക്കാനാവില്ല. അതിനെ എല്ലാതരത്തിലും നേരിടും.
തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ കൊടുത്തതാണെന്ന മട്ടില്‍ വ്യാജ പ്രചാരണങ്ങള്‍ പടച്ചു വിടുകയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തെയും നേതാക്കളെയും പ്രവര്‍ത്തകരെയും താറടിച്ചു കാണിക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ ശ്രമം കേരള സമൂഹം തിരിച്ചറിയും. സമൂഹത്തില്‍ വിപ്ലവകരമായ മാറ്റം വരുത്തിയ ലൈഫ്, കിഫ്ബി പദ്ധതികളെ ആക്രമിക്കുന്നതില്‍ ഇത്തരം ഏജന്‍സികളും പ്രതിപക്ഷവും രാപകല്‍ പണിയെടുക്കുന്നത് തിരഞ്ഞെടുപ്പ് എന്ന ഒറ്റ അജണ്ട വച്ചുകൊണ്ടാണ്. നാട് അനുഭവിച്ച തീക്ഷണമായ പ്രതിസന്ധികളില്‍ ജനങ്ങള്‍ക്ക് താങ്ങും തണലും സുരക്ഷയുമൊരുക്കി അവരുടെ സുഖ-ദുഃഖങ്ങളില്‍ പങ്കാളിയായ സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ നല്‍കുന്ന പിന്തുണ ഇത്തരം കുത്സിതശ്രമങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ കഴിയും എന്ന് ആരും വ്യാമോഹിക്കേണ്ട.
ഒരു മാര്‍ഗ്ഗത്തിലും കേരളത്തില്‍ പ്രതിപക്ഷത്തിന് അംഗീകാരം ഇല്ലാതിരിക്കെ, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നുണകളുടെ പെരുമഴ ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല . അതിനെയൊക്കെ അതിജീവിച്ചാണ് ഇത്രയും കാലം ഈ പ്രസ്ഥാനം നിലനിന്നത് . അത്തരം ശ്രമങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.”
Discussion about this post