തിരുവനന്തപുരം : കൊച്ചി സൈബർ സിറ്റി പദ്ധതി പിൻവലിക്കുന്നതായി കമ്പനി കത്തു നൽകിയിട്ടും തുടർ നടപടി സ്വീകരിക്കാതെ സർക്കാർ ഒത്തുകളിയെന്ന് ആരോപണം. കഴിഞ്ഞ ജനുവരി 27നു പദ്ധതി പിൻവലിക്കുന്നതായി ബ്ലൂ സ്റ്റാർ റിയലറ്റേഴ്സിനു വേണ്ടി കമ്പനി ചുമതലപ്പെടുത്തിയ വ്യക്തിയെന്ന പേരിൽ സന്ദീപ് മേത്തയാണ് എറണാകുളം സീനിയർ ടൗൺ പ്ലാനർക്കു കത്തു നൽകിയത്. 2011ലാണു കമ്പനിക്കു വികസന പെർമിറ്റ് നൽകിയത്. ‘നിലവിൽ അംഗീകാരം ലഭിച്ച പദ്ധതിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ല. പുതിയ പദ്ധതി ഉടൻ സമർപ്പിക്കും. അതിനാൽ ലഭിച്ച അംഗീകാരം മടക്കി ഏൽപ്പിക്കുന്നു’എന്ന് കത്തിൽ പറയുന്നു.
ഇത്തരം നടപടി സർക്കാരിനില്ലെന്നു മാത്രമല്ല, അംഗീകാരം ലഭിച്ചു 3 വർഷത്തിനകം പദ്ധതി നടപ്പായില്ലെങ്കിൽ പെർമിറ്റ് റദ്ദാകുമെന്നു വ്യവസ്ഥ ഉണ്ടായിരുന്നു. എന്നാൽ കമ്പനിക്കെതിരെ യാതൊരു നടപടിയുണ്ടാവുകയോ,പെർമിറ്റ് റദ്ദാക്കുകയോ ചെയ്തില്ല. കത്തിന്റെ പകർപ്പു പദ്ധതിയുടെ നോഡൽ ഏജൻസിയായ കിൻഫ്രയ്ക്കും നൽകിയിരുന്നു. സാധാരണ ഈ കത്ത് തുടർ നടപടിക്കായി ഉദ്യോഗസ്ഥർ സർക്കാരിനു കൈമാറണമെന്ന് മാത്രമല്ല 2014ൽ റദ്ദായ പെർമിറ്റിൽ പുതിയ പദ്ധതി സമർപ്പിക്കാനും കഴിയില്ല.
എന്നാൽ അദാനി ഗ്രൂപ്പ് ബ്ലൂ സ്റ്റാർ റിയലറ്റേഴ്സ് കമ്പനി ഏറ്റെടുത്തെന്നും അവരാണു പുതിയ പദ്ധതി സമർപ്പിക്കുന്നതെന്നും സർക്കാരിനെ ഉന്നതർ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. അതിനാൽ തിരഞ്ഞെടുപ്പു കഴിയും വരെ തുടർ നടപടി വേണ്ടെന്നാണ് ഇപ്പോളുള്ള നിർദേശം. എന്നാൽ സൈബർ സിറ്റിയുടെ എല്ലാ പെർമിറ്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ.വി.ജോൺ എന്ന വ്യക്തിയുടെ പേരിലാണ്. അദ്ദേഹം അറിയാതെയാണു സന്ദീപ് മേത്തയെന്നയാൾ പെർമിറ്റ് തിരിച്ചേൽപ്പിച്ചത്. ആരാണ് സന്ദീപ് മേത്തയെന്ന കാര്യവും ഉദ്യോഗസ്ഥർ തിരക്കിയില്ല എന്നതും സംശയമുയർത്തുന്നു. ജോൺ ആണ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കത്തിടപാടും ഇതുവരെ സർക്കാരുമായി നടത്തിയിരുന്നതും.
വിഎസ് സർക്കാരിന്റെ കാലത്തു വിവാദമായ എച്ച്എംടിയുടെ 70 ഏക്കർ ഭൂമി 2018ൽ ബ്ലൂ സ്റ്റാർ റിയലറ്റേഴ്സിൽനിന്ന് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഭൂമി റജിസ്റ്റർ ചെയ്യാതെ ഓഹരി കൈമാറ്റത്തിലൂടെയായിരുന്നു ഇടപാട്. റജിസ്ട്രേഷൻ ഇനത്തിൽ സർക്കാരിനു വൻ നഷ്ടമുണ്ടായി. ശേഷം സ്വന്തം ഡയറക്ടർമാരെ കമ്പനിയുടെ തലപ്പത്തു നിയമിച്ചു. അതിൽ ചിലർ വിഴിഞ്ഞം തുറമുഖ കമ്പനിയുടെ ഡയറക്ടർമാരുമാണ്.
തുടർന്നാണ് കമ്പനി നേരത്തെ നിയോഗിച്ച സിഇഒ പോലും അറിയാതെ പദ്ധതി പിൻവലിക്കുന്നതായി ഇപ്പോൾ സർക്കാരിനു കത്തു നൽകിയത്. ഈ ഭൂമി സംബന്ധിച്ച സർക്കാരുമായി എല്ലാ ഇടപാടും നടത്തിയിരുന്നതു ജോൺ ആണ്. 60,000 പേർക്കു നേരിട്ടും ഒന്നര ലക്ഷം പേർക്കു പരോക്ഷമായും തൊഴിൽ നൽകുമെന്ന വാഗ്‌ദാനം ലംഘിച്ചതിനും നടപടി എടുത്തിട്ടില്ല. ചുരുക്കത്തിൽ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽനിന്നു മറ്റൊരു റിയൽ എസ്റ്റേറ്റ് കമ്പനി കോടികളുടെ ഭൂമി സ്വന്തമാക്കിയതു കണ്ടു നിൽക്കുകയാണു സർക്കാർ.










