സമസ്ത കാന്തപുരം വിഭാഗം അധ്യക്ഷൻ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെ പിന്തുണച്ച് എൽഡിഎഫ് ഘടകകക്ഷിയായ ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ). കാന്തപുരം പറഞ്ഞത് മതപരമായ കാര്യങ്ങളാണെന്നും അതിൽ തെറ്റുകാണേണ്ടതില്ലെന്നും ഐഎൻഎൽ സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതപരമായ കാര്യങ്ങളെക്കുറിച്ചും മതവിധികളെക്കുറിച്ചും സംസാരിക്കേണ്ടതും അഭിപ്രായങ്ങൾ പറയേണ്ടതും മതപണ്ഡിതന്മാരാണെന്ന് അഹമ്മദ് ദേവർകോവിൽ ചൂണ്ടിക്കാട്ടി. കാന്തപുരം സമസ്തയിലെയും സുന്നി വിഭാഗത്തിലെയും പണ്ഡിതന്മാരോടും അനുയായികളോടുമാണ് സംസാരിച്ചത്. മത പണ്ഡിതന്മാരുടെ പണി മതം പറയലാണെന്നും, അത് എല്ലാവരും ഒരുപോലെ സ്വീകരിക്കണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതകാര്യങ്ങളിൽ രാഷ്ട്രീയ പാർട്ടികളോ സി.പി.എമ്മോ ഇടപെടേണ്ടതില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ പരാമർശങ്ങൾ വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നതിനിടയിലാണ് എൽഡിഎഫ് മുന്നണിയിലെ പ്രമുഖ നേതാവിന്റെ ഈ പരസ്യ പിന്തുണ.











