അഴിച്ചുപണിയിൽ വിശദീകരണവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) സെലക്ഷൻ കമ്മിറ്റി തലവൻ ആഖിബ് ജാവേദ്. മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഏഴ് പുതിയ താരങ്ങളെ ഇംഗ്ലണ്ടിലേക്ക് അയച്ചതും ടെസ്റ്റ് കോച്ച് സ്ഥാനത്തുനിന്ന് സർഫറാസ് അഹമ്മദിനെ മാറ്റി പകരം വൈറ്റ് ബോൾ കോച്ച് മൈക്ക് ഹെസ്സണ് ചുമതല നൽകിയതും ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ക്യാപ്റ്റൻ ബാബർ അസമിനും സർഫറാസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ആഖിബ് ജാവേദ് രംഗത്തെത്തിയത്. മൈതാനത്ത് കൃത്യമായ തീരുമാനങ്ങളെടുക്കുന്നതിൽ ക്യാപ്റ്റനും കോച്ചും ദയനീയമായി പരാജയപ്പെട്ടതാണ് ബോർഡിന് നേരിട്ട് ഇടപെടേണ്ടി വന്ന സാഹചര്യമുണ്ടാക്കിയതെന്ന് അദ്ദേഹം തുറന്നടിച്ചു.
ഒരേ വേഗതയുള്ള ബൗളർമാർക്ക് പകരം 140 കിലോമീറ്ററിലധികം വേഗതയുള്ള യുവതാരം ഉബൈദ് ഷായെ കളിപ്പിക്കണമെന്ന് ക്യാപ്റ്റനോടും കോച്ചിനോടും താൻ ആവശ്യപ്പെട്ടിട്ടും അവർ തയ്യാറായില്ലെന്നും ടീം കോമ്പിനേഷനിൽ വന്ന ഇത്തരം വലിയ പിഴവുകളാണ് വൻ തകർച്ചയ്ക്ക് കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫോമിലല്ലാത്ത സൽമാൻ ആഘയെ ഒഴിവാക്കിയതിനോട് യോജിക്കുന്നുണ്ടെങ്കിലും മുഹമ്മദ് റിസ്‌വാന് പകരം ഗാസി ഗോറിയെ വിക്കറ്റ് കീപ്പറായി കളിപ്പിക്കേണ്ടതായിരുന്നുവെന്ന് ആഖിബ് ജാവേദ് വ്യക്തമാക്കി. മാനേജ്‌മെന്റ് കർശനമായ തീരുമാനങ്ങൾ എടുക്കാൻ മടിക്കുമ്പോൾ ബോർഡിന് ഇടപടേണ്ടി വരും. മത്സരിക്കാൻ പോലുമാകാതെ പരമ്പര തോറ്റതോടെ ലോകം മുഴുവൻ പാകിസ്ഥാനെ നോക്കി ചിരിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ടീമിന്റെ പ്ലെയിംഗ് ഇലവനിൽ ബോർഡ് ഇടപെടുന്നുവെന്ന ആരോപണങ്ങൾ തുറന്നുസമ്മതിച്ച അദ്ദേഹം, കൃത്യമായ ആസൂത്രണമില്ലാതെ നീങ്ങുമ്പോൾ ടീം ബാലൻസ് ഉറപ്പാക്കാൻ സന്ദേശങ്ങൾ നൽകേണ്ടി വരുമെന്നും പറഞ്ഞു. ഇതിനകം തന്നെ പരമ്പര കൈവിട്ട സാഹചര്യത്തിൽ ഇനി ഒന്നും നഷ്ടപ്പെടാനില്ലെന്നും, യുവതാരങ്ങൾക്ക് അവസരം നൽകി പാക് ക്രിക്കറ്റിൽ പ്രതിഭകൾ ബാക്കിയുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്താനാണ് പുതിയ ഏഴ് താരങ്ങളെ അയച്ചതെന്നും ആഖിബ് ജാവേദ് കൂട്ടിച്ചേർത്തു. മോശം പ്രകടനം പുറത്തെടുക്കുന്ന സീനിയർ താരങ്ങൾക്ക് ശക്തമായ താക്കീത് കൂടിയാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.












