കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനയെ പൂർണ്ണമായി പിന്തുണച്ച് മുതിർന്ന സി.പി.എം നേതാവ് ടി.കെ. ഹംസ രംഗത്ത്. കാന്തപുരം പറഞ്ഞത് പിതൃതുല്യമായ ഒരു ഉപദേശം മാത്രമാണെന്നും മതപരമായ കാര്യങ്ങൾ വിശ്വാസികളോട് പറയാൻ ഒരു മതപണ്ഡിതന് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തെ അനാവശ്യമായി വിവാദമാക്കുകയാണ് ചെയ്തത്. മുസ്‍ലിം സ്ത്രീകൾക്ക് യാതൊരു അവകാശങ്ങളും പാടില്ലെന്ന് അദ്ദേഹം ഒരിടത്തും പറഞ്ഞിട്ടില്ല. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നുവന്നപ്പോൾ തനിക്ക് തോന്നിയ സ്വാഭാവികമായ ഒരു അഭിപ്രായം വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്നും ആരെയും നിയന്ത്രിക്കുകയായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ടി.കെ. ഹംസ ചൂണ്ടിക്കാട്ടി.
മക്കൾ അതിര് വിട്ടുപോകുമ്പോൾ തിരുത്താനും ഉപദേശിക്കാനുമുള്ള അവകാശം ഒരു പിതാവിനുണ്ടെന്നും, കാന്തപുരം അത്തരമൊരു നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഹൈന്ദവനായാലും മുസ്‍ലിമായാലും ക്രിസ്ത്യാനിയായാലും കാര്യങ്ങൾ പരിധിവിട്ടു പോകുന്നത് അപകടകരമാണ്. അത് ചൂണ്ടിക്കാണിക്കാൻ എല്ലാ മതപണ്ഡിതന്മാർക്കും അവകാശമുണ്ട്.
കാന്തപുരത്തിന്റെ പരാമർശത്തിൽ ഇടതുപക്ഷം പ്രത്യേകമായി ഒരു രാഷ്ട്രീയ തീരുമാനവും എടുത്തിട്ടില്ലെന്നും എടുക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ കോണുകളിൽ നിന്ന് ഉയർന്ന വിമർശനങ്ങൾ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണ്. കാന്തപുരം ഒരു ഘട്ടത്തിലും ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ, അദ്ദേഹത്തിന്റെ വാക്കുകളുടെ പേരിൽ രാഷ്ട്രീയ വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നത് ശരിയല്ലെന്നും വിഷയത്തെ കൂടുതൽ പ്രശ്നമാക്കാതെ വിടുന്നതാണ് ഉചിതമെന്നും ടി.കെ. ഹംസ കൂട്ടിച്ചേർത്തു.









