ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന്റെ അമേരിക്കൻ സന്ദർശനം അവിടുത്തെ ഹിന്ദു സമൂഹത്തിന് പുതിയ വഴിത്തിരിവാണെന്നും, ഹിന്ദുക്കൾ യുഎസിൽ അവഗണിക്കാനാവാത്ത ശക്തിയായി മാറിയതിന്റെ തെളിവാണിതെന്നും സോഹോ (Zoho) സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ശ്രീധർ വെംബു. മോഹൻ ഭാഗവതിന് ലഭിച്ച വൻ സ്വീകാര്യത ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയിലെ തന്റെ മുപ്പത് വർഷത്തെ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വെംബുവിന്റെ നിർണ്ണായകമായ ഈ വിലയിരുത്തൽ.
അമേരിക്കൻ മുഖ്യധാരയിൽ ഇന്ത്യൻ സംസ്കാരത്തിനും ഹിന്ദു ആശയങ്ങൾക്കുമുള്ള സ്വീകാര്യത മുൻപെങ്ങുമില്ലാത്തവിധം വർദ്ധിച്ചിട്ടുണ്ടെന്ന് ശ്രീധർ വെംബു ചൂണ്ടിക്കാട്ടി. ഒരു കാലത്ത് അമേരിക്കയിൽ ‘ഇന്ത്യൻ’, ‘ഹിന്ദു’, ‘ഹിന്ദി’ എന്നീ വാക്കുകൾ അങ്ങേയറ്റം തെറ്റിദ്ധരിക്കപ്പെട്ടിരുന്ന സാമൂഹിക സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. ആദ്യകാലങ്ങളിൽ ‘ഇന്ത്യൻ’ എന്ന വാക്ക് ഉപയോഗിക്കാൻ പോലും ഭാരതീയർ മടിച്ചിരുന്നു. എന്തിനേറെ, അമേരിക്കയിൽ ജനിച്ചുവളർന്ന ഭാരതീയ വംശജരായ കുട്ടികൾ സ്വന്തം സംസ്കാരത്തെയും ധർമ്മത്തെയും അപമാനകരമായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് കാര്യങ്ങൾ പൂർണ്ണമായും മാറിമറിഞ്ഞു.
അമേരിക്കൻ പൊതുജീവിതത്തിൽ ഭാരതീയ സംസ്കൃതി കൂടുതൽ പ്രകടമാവുകയാണ്. ക്ലീവ്‌ലാൻഡിൽ ആഘോഷമായി നടക്കുന്ന ത്യാഗരാജ ആരാധന പോലുള്ള സാംസ്‌കാരിക പരിപാടികളിലേക്ക് തഞ്ചാവൂരിൽ എത്തുന്നതിനേക്കാൾ വലിയ ജനക്കൂട്ടമാണ് ഒഴുകിയെത്തുന്നത്. ഇത് യുഎസിൽ വന്ന വലിയ മാറ്റത്തിന്റെ തെളിവാണ്. മാഡിസൺ സ്‌ക്വയറിൽ നടന്ന വൻ സമ്മേളനമടക്കം മോഹൻ ഭാഗവതിന്റെ വാക്കുകൾ ഭാരതീയ സമൂഹത്തിൽ വലിയ ആത്മവിശ്വാസവും അഭിമാനബോധവുമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രവാസികൾക്ക് ഇത് വെറുമൊരു വിദേശ സന്ദർശനം മാത്രമല്ലെന്നും വെംബു അഭിപ്രായപ്പെട്ടു.
ഭാരതീയ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് തന്നെ കർമ്മഭൂമിയായ അമേരിക്കയോടുള്ള കടമകൾ നിറവേറ്റണമെന്ന സർസംഘചാലകന്റെ ആഹ്വാനം വലിയ തോതിലാണ് പ്രവാസി സമൂഹം ഏറ്റെടുത്തത്. അമേരിക്കയിലെ എല്ലാ ഭാരതീയ വംശജരുടെയും ജന്മഭൂമി ഭാരതമാണെന്ന അദ്ദേഹത്തിന്റെ ഓർമ്മപ്പെടുത്തൽ വരുംതലമുറയ്ക്കുള്ള വലിയ ദിശാസൂചകമാണെന്നും പ്രവാസി ലോകത്ത് ഭാരതീയർ നേടുന്ന അംഗീകാരത്തിന്റെ അടയാളമാണിതെന്നും ശ്രീധർ വെംബു കൂട്ടിച്ചേർത്തു.











