കൊൽക്കത്ത: വീറും വാശിയും നിറഞ്ഞ പ്രചരണം ഇന്നലെ അവസാനിച്ചതോടെ പശ്ചിമ ബംഗാളിലെയും അസമിലെയും 69 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്. രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷനും സുസജ്ജമാണ്. രണ്ടാം ഘട്ടത്തില്‍ പോളിങ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലെയും ബൂത്തുകളും പ്രശ്നബാധിത ബൂത്തുകളായി തിരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളിലെ 30 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്ന നന്ദിഗ്രാമും രണ്ടാം ഘട്ടത്തിലാണ് വിധിയെഴുതുന്നത്. പശ്ചിമ ബംഗാളിനെ സംബന്ധിച്ചടുത്തോളം ഏറ്റവും വാശിയേറിയ മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് നന്ദിഗ്രാം. സിറ്റിങ് മണ്ഡലമായ ഭവാനിപൂര്‍ ഉപേക്ഷിച്ച് ബിജെപി വെല്ലുവിളി ഏറ്റെടുത്താണ് മമത നന്ദിഗ്രാമില്‍ എത്തുന്നത്. തൃണമൂലില്‍ തന്റെ വിശ്വസ്തനായിരുന്ന, പിന്നീട് ബിജെപിയിലേക്ക് കൂടുമാറിയ സുവേന്ദു അധികാരിയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടം നടക്കുന്ന നന്ദിഗ്രാമില്‍ പ്രചരണവും ശക്തമായ രീതിയിലായിരുന്നു. ഇരു പാര്‍ട്ടികളുടെയും കേന്ദ്ര-സംസ്ഥാന നേതാക്കള്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തായിരുന്നു പ്രചരണം.
രണ്ടാം ഘട്ടത്തില്‍ പശ്ചിമ ബംഗാളിലെ നാല് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 30 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. നന്ദിഗ്രാമിന് പുറമെ പുര്‍ബ മെഡിനിപൂര്‍ ഉള്‍പ്പടെയുള്ള മണ്ഡലങ്ങളിലും നാളെയാണ് വോട്ടെടുപ്പ്. 30 സീറ്റുകളിലായ് 171 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 75,94,549 വോട്ടര്‍മാര്‍ ഏപ്രില്‍ ഒന്നിന് പോളിങ് ബൂത്തിലെത്തും. സംഘർഷ സാധ്യത കണക്കിലെടുത്ത് അതീവ സുരക്ഷയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 651 കമ്പനി കേന്ദ്ര സേനയാണ് ഇത്രയും മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് സുരക്ഷ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
Discussion about this post