കടയ്ക്കല്‍: കൊവിഡ് പോസിറ്റീവാണെന്നറിഞ്ഞ് പരിഭ്രാന്തിയിലായ നാല്‍പതുകാരി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വണ്ടി നിയന്ത്രണം വിട്ട് വെദ്യുതത്തൂണിലിടിച്ചു തല കീഴായി മറിയുകയായിരുന്നു. പരിക്കേറ്റ നാല്‍പതുകാരിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തയ്യാറായില്ല. കൊല്ലം കടയ്ക്കല്‍ സ്വദേശിനിയായ നാല്‍പ്പതുകാരിക്കാണ് ആരും സഹായിക്കാന്‍ മുന്നോട്ട് വരാത്തതിനെ തുടര്‍ന്ന് ഒന്നരമണിക്കൂറോളം നടുറോഡില്‍ കഴിയേണ്ടി വന്നത്.
അഞ്ചലിലെ സ്വകാര്യ ലബോറട്ടറിയില്‍ നിന്ന് കൊവിഡ് പരിശോധനയ്ക്കു ശേഷം മടങ്ങുകയായിരുന്ന നാല്‍പതുകാരിക്ക് ഫോണിലൂടെയാണ് സന്ദേശം ലഭിച്ചത്. ഇതുകേട്ടയുടന്‍ പരിഭ്രാന്തിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതത്തൂണില്‍ ഇടിച്ചു തല കീഴായി മറിയുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു.നിസാര പരിക്കുകളോടെ യുവതി രക്ഷപ്പെട്ടു.
കാറില്‍ നിന്നു സ്വയം പുറത്തിറങ്ങിയെങ്കിലും, കൊവിഡ് സ്ഥിരീകരിച്ച ഇവരെ ആശുപത്രിയിലോ വീട്ടിലോ എത്തിക്കാന്‍ 108 ആംബുലന്‍സ് സര്‍വീസ് ഉള്‍പ്പെടെയുള്ളവര്‍ തയാറായില്ല. സംഭവസ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന പിപിഇ കിറ്റ് നല്‍കി യുവതിയെ വഴിയരികില്‍ ഇരുത്തിയെങ്കിലും, കൊവിഡ് രോഗിയെ ആശുപത്രിയിലാക്കാന്‍ ഫയര്‍ ആംബുലന്‍സ് ഉപയോഗിക്കാന്‍ വ്യവസ്ഥ ഇല്ലെന്നു പറഞ്ഞു പിന്മാറി. വീട്ടിലാക്കിയാല്‍ മതിയെന്ന് യുവതി തന്നെ ആവശ്യപ്പെട്ടതനുസരിച്ച് കടയ്ക്കല്‍ താലൂക്ക് ആശുപത്രിക്ക് മുന്നിലെ സ്വകാര്യ ആംബുലന്‍സ് സര്‍വീസുകളെ ഉള്‍പ്പെടെ സമീപിച്ചെങ്കിലും ആരും സഹായിക്കാന്‍ മുന്നോട്ട് വന്നില്ലെന്നാണ് പരാതി.
പിന്നീട് കടയ്ക്കല്‍ പൊലീസ് ഇടപെട്ട് 108 ആംബുലന്‍സ് വിളിച്ചു വരുത്തിയെങ്കിലും യുവതിയെ സഹായിക്കാന്‍ ഇവരും തയ്യാറായില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഒടുവില്‍ സ്ത്രീയുടെ ബന്ധുവായ മറ്റൊരു യുവതി എത്തി കാറിലാണ് ഇവരെ വീട്ടിലേക്ക് മാറ്റിയത്.
Discussion about this post