മുംബൈ: രാജ്യത്തെ ഓക്സിജൻ പ്രതിസന്ധിക്ക് ആശ്വാസമായി ‘ഓക്സിജൻ ഓൺ വീൽസ്‘ പദ്ധതിയുമായി മഹീന്ദ്ര. ഓക്സിജന്റെ അഭാവമല്ല രാജ്യം നേരിടുന്ന പ്രധാന പ്രശ്നമെന്നും അത് ആവശ്യമായ സമയത്ത് കോവിഡ് രോഗികളില്‍ എത്തിക്കാൻ സാധിക്കാത്തതാണെന്നും അതുകൊണ്ടാണ് മഹീന്ദ്ര ഓക്സിജന്‍ ഓണ്‍ വീല്‍സ് സംവിധാനം ഒരുക്കിയിട്ടുള്ളതെന്നും മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മഹീന്ദ്രയുടെ ലോജസ്റ്റിക്സ് വിഭാഗത്തിനായിരിക്കും ഓക്സിജന്‍ ഓണ്‍ വീല്‍സ് സംവിധാനത്തിന്റെ നടത്തിപ്പ് ചുമതല. മഹാരാഷ്ട്രയിലെ ആശുപത്രികളില്‍ അതിവേഗം ഓക്സിജന്‍ സിലണ്ടറുകള്‍ എത്തിക്കുന്നതിനാണ് ഓക്സിജന്‍ ഓണ്‍ വീൽസ് പദ്ധതിയിലൂടെ മഹീന്ദ്ര ലക്ഷ്യമിടുന്നത്. ഓക്സിജന്‍ ആശുപത്രികളിലും വീടുകളിലും എത്തിക്കുന്നതിനായി മഹീന്ദ്രയുടൈ 20 ബൊലേറൊകളാണ് ഒരുക്കിയിട്ടുള്ളത്.
അടിയന്തിരമായി ഓക്സിജന്‍ ആവശ്യമുള്ള മഹാരാഷ്ട്രയിലെ 13 ആശുപത്രികള്‍ക്കായി 61 ജംബോ സിലിണ്ടറുകള്‍ നല്കി കഴിഞ്ഞതായും മഹീന്ദ്ര അറിയിച്ചു. ഓക്സിജന്‍ ഓണ്‍ വീല്‍സ് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തിനുള്ളില്‍ 50 മുതല്‍ 75 വരെ പിക് അപ്പുകൾ ലഭ്യമാക്കുമെന്നും മഹീന്ദ്ര അറിയിച്ചു. മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകള്‍ വഴി ഈ പദ്ധതി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് മഹീന്ദ്രയുടെ പദ്ധതി.
Discussion about this post