ആലപ്പുഴ: അനധികൃത വിൽപ്പനയ്ക്ക് സൂക്ഷിച്ച 39 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ. കണ്ടിയൂര്‍ കുരുവിക്കാട് വീട്ടില്‍ ശ്രീജിത്ത് ആണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെ ശ്രീജിത്തിന്റെ കണ്ടിയൂരിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വിദേശമദ്യം പിടികൂടിയത്.
ജവാന്‍ ബ്രാന്‍ഡ് റമ്മിന്റെ ഓരോ ലിറ്ററിലുള്ള 39 കുപ്പികളാണ് പിടികൂടിയത്. ബാറുകളും ബിവറേജസ് വിൽപ്പനശാലകളും തുറക്കാത്ത സാഹചര്യത്തില്‍ അവസരം മുതലെടുത്ത് വന്‍ വിലക്ക് വില്‍ക്കുവാനായി സൂക്ഷിച്ചതാണ് മദ്യമെന്ന് പൊലീസ് അറിയിച്ചു.
മദ്യക്കുപ്പിയിലെ ബ്രാന്‍ഡിംഗ് ഉള്‍പ്പടെയുള്ളവയില്‍ സംശയമുള്ളതായും ഇതില്‍ വിശദമായ പരിശോധന നടക്കുമെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് മദ്യം എത്തിച്ചു നല്‍കിയവരെ സംബന്ധിച്ച സൂചനകള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു.












