തിരുവനന്തപുരം: ഇതര സംസ്ഥാനതൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപന സാധ്യത കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആരെയും അനുവദിക്കരുതെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. പോസിറ്റീവായവരെ മറ്റുള്ളവരുടെ സുരക്ഷ കരുതി മാറ്റിപ്പാര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിര്‍മ്മാണ തൊഴിലാളികള്‍ സൈറ്റില്‍ തന്നെ താമസിക്കണം. അല്ലെങ്കില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തണം. ഇക്കാര്യത്തില്‍ തൊഴില്‍ വകുപ്പ് മേല്‍നോട്ടം വഹിക്കും. ഭക്ഷണ പ്രശ്‌നം തദ്ദേശ സമിതികള്‍ ശ്രദ്ധിക്കണം. യാചകര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഭക്ഷണം ഉറപ്പാക്കണം. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്ന സമീപനം സ്വീകരിക്കണം. പട്ടണങ്ങളിലും മറ്റും വീടുകളിലല്ലാതെ കഴിയുന്ന ഒട്ടേറെ പേരുണ്ട്. അത്തരക്കാര്‍ക്ക് ഭക്ഷണം ലഭിക്കുമെന്ന് ഉറപ്പാക്കണം. ജനകീയ ഹോട്ടലുകള്‍ വഴി ഭക്ഷണം നല്‍കാനാവും. ഇല്ലാത്തിടത്ത് സമൂഹ അടുക്കള തുറക്കണം. ആദിവാസി മേഖലയില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഓരോ തദ്ദേശ സ്ഥാപനത്തിനും രോഗികളുടെ ആവശ്യത്തിന് ഗതാഗത പ്ലാനുണ്ടാകണം. ആംബുലന്‍സിന് പുറമെ മറ്റ് വാഹനങ്ങളും ഉണ്ടാകണം. പഞ്ചായത്തില്‍ അഞ്ചും നഗരസഭയില്‍ പത്തും വാഹനം ഈ രീതിയില്‍ ഉണ്ടാകണം. ഓക്‌സിജന്‍ അളവ് നോക്കല്‍ പ്രധാനമാണ്. വാര്‍ഡ് തല സമിതിയുടെ പക്കല്‍ പള്‍സ് ഓക്‌സി മീറ്റര്‍ കരുതണം. ഒരു വാര്‍ഡ് തല സമിതിയുടെ പക്കല്‍ അഞ്ച് പള്‍സ് ഓക്‌സി മീറ്റര്‍ ഉണ്ടാകണം. പഞ്ചായത്ത് നഗരസഭ തലത്തില്‍ ഒരു കോര്‍ ടീം വേണം. തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് നേതൃത്വം. സെക്രട്ടറി, എസ്‌എച്ച്‌ഒ, സെക്ടറല്‍ മജിസ്‌ട്രേറ്റ് തുടങ്ങിയവര്‍ ഉണ്ടാകും. അത്യാവശ്യം വേണ്ടവരെ കൂടുതലായി ഉള്‍പ്പെടുത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post