ഡൽഹി: ഇന്ത്യയിൽ കൊവിഡ് വ്യാപനം കുറഞ്ഞു വരുന്നതായി അന്താരാഷ്ട്ര ഗവേഷകർ. കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്കൂളിലെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിലേയും ഗവേഷകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവർ വികസിപ്പിച്ചെടുത്ത ന്യൂ കേംബ്രിഡ്ജ് സ്കൂൾ ട്രാക്കർ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്.
രാജ്യത്ത് കോവിഡ് കേസുകളുടെ വർധനവ് അതിന്റെ പാരമ്യത്തിലെത്തിയെന്നും ഇപ്പോൾ അത് വേഗത്തിൽ കുറഞ്ഞുകൊണ്ടിരിക്കുകയുമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഒരാഴ്ചയായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാലുലക്ഷത്തിൽ താഴെയാണ്. എന്നാൽ ചില സംസ്ഥാനങ്ങളിൽ അടുത്ത രണ്ടാഴ്ച കൂടി കോവിഡ് കേസുകളിൽ വർധനവുണ്ടാകുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം കുറഞ്ഞ് ഏകനിരക്കിലേക്കെത്തിയതായി ഇന്ത്യൻ ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെട്ടു. അൽപ്പം കാലതാമസമെടുത്തായാലും രാജ്യം ഈ പ്രതിസന്ധിയെ അതിജീവിക്കുക തന്നെ ചെയ്യുമെന്നാണ് കണക്ക് കൂട്ടൽ.







