കൊച്ചി: ഇസ്രായേലില്‍ കഴിയുന്ന മലയാളി ദമ്പതികളുടെ വിവാഹം വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. മോഹന്‍ സെബാസ്റ്റ്യന്‍ – സോണിയ രാജു ദമ്പതികള്‍ക്ക് വേണ്ടി മോഹന്റെ പിതാവ് ചങ്ങനാശ്ശേരി സ്വദേശി സെബാസ്റ്റ്യന്‍ നല്കിയ ഹർജിയിലാണ് ചങ്ങനാശ്ശേരി നഗരസഭയിലെ ലോക്കല്‍ രജിസ്ട്രാര്‍ക്ക് ജസ്റ്റിസ് എന്‍. നഗരേഷ് നിര്‍ദേശം നല്‍കിയത്.
2020 ജനുവരി 13നാണ് മോഹനും സോണിയയും വിവാഹിതരായത്. തുടര്‍ന്ന് ഇസ്രായേലിലേക്ക് ജോലിക്ക് പോയ ഇവർക്ക് കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പിന്നീട് നാട്ടിലെത്തി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവര്‍ക്ക് പിറന്ന കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിനും പാസ്പോര്‍ട്ടിനും മാതാപിതാക്കളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെന്നതിനാല്‍ നഗരസഭയില്‍ അപേക്ഷ നല്‍കിയെങ്കിലും ദമ്പതികള്‍ നേരിട്ട് ഹാജരാകാത്തതിനാല്‍ അപേക്ഷ നിരസിച്ചു. തുടര്‍ന്നാണ് വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന ഹാജരാകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
മറ്റൊരു കേസില്‍ വിവാഹ രജിസ്ട്രേഷന് സമാന രീതിയില്‍ അനുമതി നല്‍കിയത് വിലയിരുത്തിയാണ് ഈ ഹർജിയിലും കോടതിയുടെ ഉത്തരവുണ്ടായത്.
Discussion about this post