ബെയ്ജിങ് : ചൈനയിലെ ബെയ്ജിംങില്‍ കനത്ത മഞ്ഞുമഴയില്‍ പെട്ട് മാരത്തണില്‍ പങ്കെടുത്ത 21 പേര്‍ മരിച്ചു. ശനിയാഴ്ച വടക്കു പടിഞ്ഞാറന്‍ ഗാന്‍സു പ്രവിശ്യയിലെ ബൈയിന്‍ സിറ്റിക്ക് സമീപം യെല്ലോ റിവര്‍ സ്‌റ്റോണ്‍ ഫോറസ്റ്റില്‍ നടന്ന 100 കിലോ മീറ്റര്‍ ക്രോസ് കണ്‍ട്രി മൗണ്‍ടെയ്ന്‍ മാരത്തണിലാണ് അപകടമുണ്ടായത്.
”സമുദ്രനിരപ്പില്‍നിന്ന് വളരെ ഉയരത്തിലുള്ള മേഖലയാണിത്. ശനിയാഴ്ച ഉച്ചയോടെ മാരത്തണിന്റെ 20-31 കിലോ മീറ്ററിനിടെയാണ് അപകടമുണ്ടായത്. വളരെക്കുറച്ച് സമയത്തിനുള്ളില്‍ പ്രദേശത്ത് അതിശക്തമായ ആലിപ്പഴ വര്‍ഷവും മഞ്ഞുമഴയും ശക്തമായ കാറ്റും വീശുകയായിരുന്നു. താപനില വല്ലാതെ കുറയുകയും ചെയ്തു.”ബൈയിന്‍ സിറ്റി മേയര്‍ പറഞ്ഞു
മാരത്തണില്‍ പങ്കെടുത്തവരെ രക്ഷിക്കണമെന്നുള്ള സന്ദേശം ലഭിച്ചതിനു പിന്നാലെ സംഘാടകര്‍ രക്ഷാസംഘത്തെ അയച്ചു. 18-പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. 172 പേരായിരുന്നു മാരത്തണില്‍ പങ്കെടുത്തിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കാലാവസ്ഥ വീണ്ടും മോശമായതിനെ തുടര്‍ന്ന് മാരത്തണ്‍ റദ്ദാക്കി.












