അബുദാബി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അതീവ രഹസ്യമായി യുഎഇ സന്ദർശിച്ച് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി (MBZ) കൂടിക്കാഴ്ച നടത്തിയത് സ്ഥിരീകരിച്ച് യുഎഇ. വരാനിരിക്കുന്ന ഒക്ടോബറിലെ നെസെറ്റ് (Knesset) തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം രാജ്യത്ത് കടുത്ത രാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്നതിനിടയിലാണ് നെതന്യാഹുവിന്റെ ഈ അപ്രതീക്ഷിത അബുദാബി യാത്ര. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും തന്ത്രപ്രധാന സഹകരണങ്ങളും മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായി യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം (WAM) റിപ്പോർട്ട് ചെയ്തു.
2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് തൊട്ടുമുമ്പ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഹമാസിന്റെ ആക്രമണ സാധ്യതയെക്കുറിച്ച് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. ഹമാസ് നേതാവായിരുന്ന യഹ്യ സിൻവാറിന്റെ പ്ലാനുകളെക്കുറിച്ച് യുഎഇ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിനും മുൻകൂട്ടി സന്ദേശം നൽകിയിരുന്നു എന്ന വെളിപ്പെടുത്തൽ വൻ വിവാദമായിരുന്നു. എന്നാൽ ഈ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ നെതന്യാഹുവിന്റെ ഓഫീസ്, വാർത്ത നൽകിയ ഇസ്രയേലി ദിനപത്രമായ ഹാറെറ്റ്സിനെതിരെ (Haaretz) നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഈ രഹസ്യ കൂടിക്കാഴ്ച നടന്നത്.
അതേസമയം, സന്ദർശന വിവരങ്ങൾ ചോർന്നതിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റ്, പ്രധാനമന്ത്രിയുടെ സുരക്ഷ അപകടത്തിലാക്കിയതിനും പ്രവർത്തന രീതികൾ പുറത്തുവിട്ടതിനും ഇസ്രയേൽ മിലിറ്ററി സെൻസർക്ക് പരാതി നൽകി. 2020-ലെ അബ്രഹാം ഉടമ്പടിക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം ശക്തമാണ്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇസ്രയേലിന്റെ അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനം യുഎഇയിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇസ്രയേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബിയും വെളിപ്പെടുത്തിയിരുന്നു. മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ടിൽ നിന്നും കടുത്ത വെല്ലുവിളി നേരിടുന്ന നെതന്യാഹുവിന് ആഭ്യന്തര രാഷ്ട്രീയത്തിലും ഈ വിദേശ സന്ദർശനം വൻ ചർച്ചയായി മാറിയിട്ടുണ്ട്.











