ലോകം ബഹുമേഖലാ ക്രമത്തിലേക്ക് നീങ്ങുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ന്യൂയോർക്കിലെ ഏഷ്യ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻപ് വിദേശനയങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തത്തിന് നിശ്ചിത പരിധികൾ വേണമെന്ന് അമേരിക്ക ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ഇന്ന് ആ നിലപാടിൽ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് രാജ്യങ്ങളുമായി കൂടുതൽ നയതന്ത്ര ബന്ധങ്ങൾ പുലർത്തുന്നതിന് ഇന്ത്യക്ക് മേൽ മുൻപ് അമേരിക്ക സമ്മർദ്ദം ചെലുത്തിയിരുന്നു. വാഷിംഗ്ടണുമായി മാത്രം ബന്ധം കേന്ദ്രീകരിക്കണമെന്ന യുഎസ് നിലപാടിനിടയിലും അമേരിക്ക സ്വന്തം നയതന്ത്ര അവസരങ്ങൾ തുറന്നിട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരം കാര്യങ്ങളിലെ വ്യാജ നിലപാടുകൾ ഇല്ലാതായിട്ടുണ്ടെന്നും ലോകത്തെ എല്ലാ രാജ്യങ്ങളും പരസ്പരം തുറന്ന സഹകരണത്തിലേക്ക് നീങ്ങുകയാണെന്നും ജയ്ശങ്കർ ചൂണ്ടിക്കാട്ടി.
ഈസ്റ്റ് ഏഷ്യൻ ആൻഡ് പസഫിക് അഫയേഴ്‌സ് മുൻ യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഡാനിയൽ റസ്സലുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ പണ്ടുമുതലേ പിന്തുടർന്നുപോരുന്ന തന്ത്രപരമായ സ്വയംഭരണ നയം (സ്ട്രറ്റീജിക് ഓട്ടോണമി) തന്നെയാണ് ഇന്ന് അമേരിക്കയും നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൈന, റഷ്യ, ഉക്രെയ്ൻ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളുമായി യുഎസ് പുലർത്തുന്ന വിവിധതലത്തിലുള്ള ബന്ധങ്ങൾ ഇതിന് തെളിവാണ്. ഇരട്ടനയങ്ങൾ അവസാനിപ്പിച്ച്, വൈവിധ്യമാർന്ന പങ്കാളിത്തത്തിലൂടെ മുന്നേറുന്ന പുതിയ ആഗോളക്രമത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.








