ഗുവാഹത്തി: ക്ഷേത്രത്തിനുള്ളിൽ പച്ചമാംസം വിതറി അശുദ്ധമാക്കിയ കേസിൽ അഞ്ച് പേർ അറസ്റ്റിൽ. അസാമിലെ ധുബ്രി ജില്ലയിലെ കാളീ ക്ഷേത്രത്തിലായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് പ്രദേശത്ത് അക്രമങ്ങൾ അരങ്ങേറിയെന്നും എന്നാൽ പ്രതികളുടെ അറസ്റ്റോടെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായെന്നും പൊലീസ് അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ക്ഷേത്രത്തിനുള്ളിൽ മാംസം കണ്ടെത്തിയ വിവരം പുറത്തറിഞ്ഞതോടെ രോഷാകുലരായ ജനക്കൂട്ടം റോഡ് ഉപരോധിക്കുകയും പ്രകടനം നടത്തുകയും ചെയ്തു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിക്കുകയായിരുന്നു.
സംഭവത്തിന് പിന്നിൽ പ്രദേശത്തെ മതസൗഹാർദ്ദം തകർക്കാനുള്ള ഗൂഢശ്രമമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മാംസാവശിഷ്ടങ്ങൾ ഫൊറൻസിക് പരിശോധനക്ക് അയച്ചതായും നിലവിൽ പ്രദേശത്തെ സ്ഥിതിഗതികൾ ശാന്തമാണെന്നും പൊലീസ് വ്യക്തമാക്കി.












