ഡൽഹി: ഇന്ത്യയിൽ കോവിഡിന്റെ മൂന്നാം തരംഗം രണ്ടാമത്തേതിനേക്കാൾ കഠിനമാകാൻ സാധ്യതയില്ലെന്നും, എന്നാൽ വൈറസിനെയും കൂടുതൽ ആക്രമണാത്മക സ്വഭാവമുള്ള അതിന്റെ വകഭേദങ്ങളെയും കുറച്ചു കാണരുതെന്നും എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ അഭിപ്രായപ്പെട്ടു. രണ്ടാം തരംഗത്തിൽനിന്നു നമ്മൾ കാര്യങ്ങൾ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”മൂന്നാം തരംഗം രണ്ടാമത്തേതിനേക്കാൾ കഠിനമാകുമോ എന്നതിനെപ്പറ്റി ധാരാളം ചർച്ച നടക്കുന്നുണ്ട്. ഇനിയുള്ള തരംഗം രണ്ടാമത്തേതു പോലെ പ്രയാസമുണ്ടാക്കില്ലെന്നാണ് എന്റെ തോന്നൽ. വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദമാകും മൂന്നാം തരംഗത്തെ നയിക്കുക എന്നാണു വ്യാപക ആശങ്ക. രണ്ടാം തരംഗത്തിനു വേഗം കൂട്ടിയ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനശേഷി കൂടിയ പതിപ്പാണിത്. സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്” ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.
ഡെൽറ്റ പ്ലസിനെ സൂക്ഷ്മമായി പരിശോധിക്കുകയും പിന്തുടരുകയുമാണ്. രാജ്യത്തെ ജനങ്ങളിൽ ഈ വകഭേദം എങ്ങനെ പ്രവർത്തിക്കുന്നുവെന്നു മനസ്സിലാക്കാൻ ജീനോം സീക്വൻസിങ് നടത്തുകയും അതിനനുസരിച്ചു പ്രതിരോധ പദ്ധതി തയാറാക്കുകയും വേണം. രണ്ടാമത്തെ തരംഗത്തിൽനിന്നു നമ്മൾ പഠിക്കുകയും വരാനിരിക്കുന്ന മൂന്നാം തരംഗത്തെ നേരിടാൻ ഒരുങ്ങുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.









