രാജ്യത്ത് കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് ആദ്യ മരണം കൊങ്കണ്‍ മേഖലയിലെ രത്‌നഗിരി സിവില്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ഒരു 80 കാരിയാണ് കോവിഡ് ഡല്‍റ്റാപ്ലസ് ബാധിച്ച് മരിച്ചത്. അങ്ങനെ കോവിഡിന്റെ രണ്ടു തരംഗവും ഏറ്റവും കൂടതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ മൂന്നാം തരംഗത്തിലെ ആദ്യ മരണവും റിപ്പോര്‍ട്ട് ചെയ്തു. കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ 48 പേരിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്.
ആവശ്യത്തിന് ആശുപത്രി കിടക്കകള്‍ ഉണ്ടെങ്കിലും എല്ലാ ജില്ലകളും കുറഞ്ഞത് ലെവല്‍ 3 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും, മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. നിയമലംഘകര്‍ക്ക് പിഴ ചുമത്താനും നിര്‍ദേശമുണ്ട്. ഡെല്‍റ്റാ പ്ളസുമായി ബന്ധപ്പെട്ടുള്ള കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും മൂന്നാം തരംഗത്തെ നേരിടാന്‍ മഹാരാഷ്ട്ര വലിയ രീതിയിലുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്.
കേസുകള്‍ കൂടിയാല്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ക്കശമാക്കാനാണ് ഉദ്ദേശിക്കുന്നത്. ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്കെങ്കിലും വാക്സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ച് മാളുകളും തിയേറ്ററുകളും തുറക്കരുത്. റെസ്റ്റോറന്റുകള്‍, ജിമ്മുകള്‍, സലൂണുകള്‍, സ്പാകള്‍ എന്നിവയില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. വൈകുന്നേരം 4 മണി വരെയാണ് തുറക്കാന്‍ അനുവാദമുള്ളത്.
സ്വകാര്യ ഓഫീസുകള്‍ക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. വിവാഹങ്ങളില്‍ 50 പേര്‍ക്കും സംസ്കാര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത് കേസുകളുടെ വര്‍ധനവിന് ഇടയാക്കില്ലെന്ന് ജില്ലാ ഭരണകൂടങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. ഡെല്‍റ്റാപ്ലസിന്റെ ആദ്യ വേരിയന്റ് ഏപ്രിലില്‍ കണ്ടെത്തിയതും മഹാരാഷ്ട്രയില്‍ ആയിരുന്നു.









