ഡല്‍ഹി: കോവിഡ് വാക്സിനുകളായ കോവിഷീല്‍ഡും കോവാക്സിനും കൊറോണ വൈറസിന്റെ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ ഏറെ ഫലപ്രദമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡെല്‍റ്റ പ്ലസ് വകഭേദത്തിന് എതിരായ ഇവയുടെ പ്രതിരോധശേഷി സംബന്ധിച്ച പരിശോധനകള്‍ പുരോഗമിക്കുകയാണെന്നും ഐ.സി.എം.ആര് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
വിവിധ വകഭേദങ്ങളെ നിര്‍വീര്യമാക്കുന്നതിനുള്ള വാക്സിനുകളുടെ കഴിവ് സംബന്ധിച്ച ആഗോള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കോവാക്സിനും കോവിഷീല്‍ഡും ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ ഏറെ ഫലപ്രദമാണെന്ന നിഗമനത്തിലെത്തിയത്. ആല്‍ഫ വകഭേദത്തെ നേരിടുമ്പോള്‍ കോവാക്സിന്റെ പ്രതിരോധശേഷിക്ക് വലിയ കുറവുകളൊന്നും സംഭവിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവിധ വകഭേദങ്ങളെ നേരിടുന്നതില്‍ മറ്റ് വാക്സിനുകളെ അപേക്ഷിച്ച് കോവിഷീല്‍ഡിന്റെയും കോവാക്സിന്റെയും പ്രതിരോധശേഷി മികച്ചതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആല്‍ഫ വകഭേദത്തെ നേരിടാന്‍ കോവിഷീല്‍ഡാണ് ഫലപ്രദമെങ്കില്‍ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കുന്നതിന് കോവാക്സിന് ആണ് കുറച്ചുകൂടി നല്ലത്. അങ്ങിനെ കോവിഷീല്‍ഡിന്റെയും കോവാക്സിന്റെയും പ്രതിരോധ ശേഷി ഓരോ വകഭേദങ്ങളുടെ കാര്യത്തിലും മാറിമാറി വരും. എങ്കിലും ഫൈസറും മോഡേണയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൊവിഡ് വൈറസിന്റെ എല്ലാ വകഭേദങ്ങളെയും പ്രതിരോധിക്കുന്നതില്‍ ഇരു വാക്സിനുകളും വളരെ മുന്നിലാണെന്ന് ബല്‍റാം ഭാര്‍ഗവ ചൂണ്ടിക്കാട്ടി.
നിലവില്‍ 12 രാജ്യങ്ങളിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി 55ല്‍ താഴെ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഡെല്‍റ്റ പ്ലസ് വകഭേദത്തെ ഏത് വാക്സിനാണ് കൂടുതല്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതെന്ന് സംബന്ധിച്ച ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്. പത്ത് ദിവസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഡെല്‍റ്റ വകഭേദം ലോകത്ത് കണ്ടെത്തുന്നത്. ഫെബ്രുവരിയില്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ 60 ശതമാനത്തിന്റെയും കാരണം ഡെല്‍റ്റ വകഭേദമായിരുന്നു. ഇപ്പോള്‍ ഡെല്‍റ്റ പ്ലസ് വകഭേദം അല്പം സങ്കീര്ണതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. ഡെല്‍റ്റ വകഭേദങ്ങളുടെ 25 ശതമാനവും കണ്ടെത്തിയിരിക്കുന്നത് ഇന്ത്യയടക്കം 17 രാജ്യങ്ങളിലാണ്. ആസ്ത്രേലിയ, ബഹ്റൈന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഇസ്രയേല്‍, ജപ്പാന്, കെനിയ, മ്യാന്മര്, പെറു, പോര്‍ചുഗല്‍, റഷ്യ, സിങ്കപൂര്, ദക്ഷിണ കൊറിയ, ബ്രിട്ടണ്, അമേരിക്ക എന്നിവയാണ് മറ്റ് രാജ്യങ്ങള്‍.
കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 92 ജില്ലകള്‍ അഞ്ച് ശതമാനത്തിനും 10 ശതമാനത്തിനും ഇടയിലും 565 ജില്ലകള്‍ അഞ്ച് ശതമാനത്തില്‍ താഴെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നേടിയെങ്കിലും ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും രണ്ടാം തരംഗത്തിന്റെ പിടിയില്‍ നിന്ന് മോചിതമായിട്ടില്ല. രോഗവ്യാപനം കുറഞ്ഞ ജില്ലകള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗത്തിന്റെ ഭീഷണി നേരിടേണ്ടതായും വരും. ആള്‍ക്കൂട്ടം ഒഴിവാക്കിയും സ്ഥിരമായും നേരായ വിധത്തിലും മാസ്ക് ധരിച്ചും വ്യക്തിശുചിത്വം പാലിച്ചുമൊക്കെ ജാഗ്രത തുടരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post