തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഫോണിലാണ് ഭീഷണിയെത്തിയത്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം സ്വദേശി അനിൽ, ബെംഗളൂരു സ്വദേശി പ്രേംരാജ് നായർ എന്നിവരെയാണ് വിവിധ ഇടങ്ങളിൽ നിന്ന് പിടികൂടിയത്. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് മൂന്നുദിവസം മുമ്പാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിയുമായി പ്രേംരാജ് നായർ ക്ലിഫ് ഹൗസിലേക്കും ചീഫ് സെക്രട്ടറിയെയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെയും വിളിച്ചത്.
തുടർന്ന് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ഇയാളെ ഇന്നലെ സേലത്തുനിന്ന് പിടികൂടുകയുമായിരുന്നു. തമിഴ്നാട് പൊലീസും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രിയെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കോട്ടയം സ്വദേശി അനിൽ ക്ലിഫ് ഹൗസിലേക്ക് വിളിച്ചത്.
തുടർന്ന് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കോട്ടയം ബസ് സ്റ്റാൻഡ് പരിസരമാണ് കാണിച്ചത്. തുടർന്ന് കോട്ടയം പൊലീസെത്തിയപ്പോഴേക്കും ഇയാൾ അവിടെ ഉണ്ടായിരുന്നില്ല. എറണാകുളത്തേക്കുള്ള ബസിൽ ഇയാളുണ്ടെന്ന് കോട്ടയം പൊലീസ് അറിയിച്ചതിനെ തുടർന്ന് ഹിൽ പാലസ് പൊലീസ് എത്തി തൃപ്പൂണിത്തുറയിൽവെച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Discussion about this post