ഡൽഹി: വ്യാജലിങ്കുകൾ ഉപയോഗിച്ച് ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പുകൾ നടത്തുന്ന സംഘം രാജ്യത്ത് വ്യാപകമാകുന്നതായി സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ്. എൻഗ്രോക് വെബ് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള തട്ടിപ്പ് പരക്കെ നടക്കുന്നുണ്ട്. സൈബർ ആക്രമണങ്ങൾ തടയാനും സൈബർ സുരക്ഷ ഉറപ്പുവരുത്താനുമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം(സി.ഇ.ആർ.ടി.-ഇൻ) ആണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
ഉപയോക്താവിന്റെ ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി.) മനസ്സിലാക്കാൻ തട്ടിപ്പുകാർ ഉപഭോക്താക്കളുടെ മൊബൈൽ നമ്പറിലേക്ക് വ്യാജ ലിങ്കുകൾ അയക്കുകയാണ് ചെയ്യുന്നതെന്ന് സി.ഇ.ആർ.ടി.-ഇൻ വ്യക്തമാക്കി. Ngrok.io/xxxbank- ൽ അവസാനിക്കുന്ന ലിങ്കുകളാണ് എസ്.എം.എസ്. ആയി ഉപഭോക്താവിന് ലഭിക്കുക. ഇതുവഴി ബാങ്കിങ് ഇടപാടുകൾ നടത്താൻ കയറുന്നവരുടെ ബാങ്ക് അക്കൗണ്ടുകളാണ് തട്ടിപ്പുസംഘം ഹാക്ക് ചെയ്ത് പണം തട്ടിയെടുക്കുന്നത്.
ഉദാഹരണത്തിന് ‘പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് താത്കാലികമായി നിർത്തിെവച്ചിരിക്കുന്നു, ദയവായി കെ.വൈ.സി. സ്ഥിരീകരണം നടത്താൻ ലിങ്ക് ക്ലിക്ക് ചെയ്യുക’ എന്ന സന്ദേശത്തിനൊപ്പം http://446bdf227fc4.ngrok.io/xxxbank” എന്നൊരു ലിങ്ക് മെസേജായി ലഭിക്കും. ഈ വെബ്സൈറ്റിൽ ലോഗിൻ ചെയ്തുന്നതോടെ തട്ടിപ്പു സംഘം ഇരയുടെ മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി. നമ്പർ അയക്കുന്നു. ഇത് വ്യാജ വെബ്സൈറ്റിൽ നൽകിയാൽ ഉപഭോക്താവിന്റെ അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പുസംഘത്തിന് ലഭിക്കുകയും പണം നഷ്ടമാകുകയും ചെയ്യുന്ന രീതിയിലാണ് തട്ടിപ്പ്.
മുൻകരുതലുകൾ:-
- ലഭിക്കുന്ന എസ്.എം.എസുകളിൽ ബാങ്കിന്റെ ഹ്രസ്വമായ പേര് ഉണ്ടോയെന്ന് പരിശോധിക്കുക.
- ലഭിക്കുന്ന സന്ദേശ ലിങ്കുകളിൽ ‘bit.ly, tinyurl’ എന്നിവ ഉൾപ്പെടുന്ന ചുരുക്കിയ യു.ആർ.എൽ. ലിങ്കുകൾക്കെതിരേ ജാഗ്രത പാലിക്കുക.
- ലിങ്കുകളിൽ ബാങ്കിന്റെ പേരിന് സാമ്യമായ അക്ഷരങ്ങൾ നൽകി കബളിപ്പിക്കാം.
- ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സന്ദേശത്തിൽ സംശയം തോന്നിയാൽ അതത് ബാങ്ക്ശാഖയുമായി നേരിട്ട് ബന്ധപ്പെടുക. പരീക്ഷണങ്ങൾക്ക് നിൽക്കരുത്.
Discussion about this post