തിരുവനന്തപുരം: മടിയില്‍ കനമില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തെ ഭയക്കുന്നതെന്ന് ആര്.എം.പി നേതാവ് കെ.കെ. രമ എം.എല്‍.എ. സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് ബലമായി സംശയിക്കുന്നുവെന്നത് കൊണ്ടാണ് മുഖ്യമന്ത്രി ഭയക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്ന അടിയന്തര പ്രാധാന്യമുള്ള വിഷയമാണിതെന്നും കെ.കെ. രമ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വര്‍ണക്കടത്ത് പ്രതികളുടെ മൊഴി ചര്‍ച്ച ചെയ്യാന്‍ തയാറാകാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതീകാത്മകമായി അവതരിപ്പിച്ച ‘അടിയന്തര പ്രമേയ’ത്തില്‍ സംസാരിക്കുകയായിരുന്നു കെ.കെ. രമ.
സഭാ കവാടത്തിന് മുമ്പിലെ റോഡിലാണ് ‘അടിയന്തര പ്രമേയം’ പി.ടി. തോമസ് പ്രതീകാത്മകമായി അവതരിപ്പിച്ചത്. പി.കെ. ബഷീര്‍ പ്രതീകാത്മക മുഖ്യമന്ത്രിയും എന്‍. ഷംസുദ്ദീന് സ്പീക്കറും ആയിരുന്നു.
ക്യാപ്റ്റനാണെങ്കില്‍ മുഖ്യമന്ത്രി സത്യം തുറന്നു പറയണമെന്ന് പി.ടി. തോമസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് വിദേശ കറന്‍സി കടത്തിയെന്ന കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും നല്കിയ മൊഴി നിയമസഭ ചര്‍ച്ച ചെയ്യണമെന്ന് പി.ടി. തോമസ് പ്രതീകാത്മമായി ആവശ്യപ്പെട്ടു.
Discussion about this post