കാഞ്ഞിരപ്പള്ളി: കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി മാത്യു കുളങ്ങരയെ നാല്‍വര്‍സംഘം രാത്രി വീട്ടില്‍ കയറി വെട്ടി പരിക്കേല്പിച്ചു. ഗുരുതര പരിക്കേറ്റ മാത്യു തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മാത്യുവിന്റെ ഭാര്യക്കും പിതാവിനും പരിക്കുണ്ട്.
ആനക്കല്ല് ഒന്നാംമൈല്‍ ഭാഗത്ത് താമസിക്കുന്ന മാത്യുവിന്റെ വീട്ടില്‍ തിരുവോണദിവസം രാത്രി 11ഓടെ നാലുപേരടങ്ങുന്ന സംഘം എത്തുകയായിരുന്നു. ഇവര്‍ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും കതക് പൊളിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ബഹളംകേട്ട് പുറത്തിറങ്ങിയ മാത്യുവിനെ സംഘം ബലമായി പിടിച്ചു മുറ്റത്തിന് പുറത്തേക്ക് കൊണ്ടുപോവുകയും തലക്ക് കല്ലിന് ഇടിക്കുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
പിടിച്ചുമാറ്റുവാന്‍ ഓടിയെത്തിയ ഭാര്യയെയും സംഘം ഉപദ്രവിച്ചു. ബഹളം കേട്ടെത്തിയ മാത്യുവിന്റെ പിതാവിനെയും സഹോദരിയെയും ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷിടിച്ച സംഘം, പിന്നീട് കടന്നുകളഞ്ഞു. പ്രതികള്‍ ഒളിവിലാണെന്നും ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Discussion about this post