മൈസൂരു: മൈസൂരുവിൽ കൂട്ടബലാത്സംഗത്തിനിരയായ എം.ബി.എ. വിദ്യാര്‍ഥിനി നേരിട്ടത് അതിക്രൂര പീഡനങ്ങളെന്ന് റിപ്പോർട്ട്. പെൺകുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതുവരെ പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കാന്‍ പോലും പൊലീസിന് സാധിച്ചിട്ടില്ല.
ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊഴിയനുസരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തില്‍ പ്രത്യേകസംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്ന് മൈസൂരു പോലീസ് കമ്മീഷണര്‍ ചന്ദ്രഗുപ്ത പറഞ്ഞു. നിലവില്‍ കേസ് അന്വേഷണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് മൈസൂരു ചാമുണ്ഡി ഹില്‍സിലേക്കുള്ള ഒറ്റപ്പെട്ട വഴിയില്‍ വെച്ച് എം.ബി.എ. വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയായ ആണ്‍കുട്ടിയെ മര്‍ദിച്ചവശനാക്കിയശേഷമാണ് അഞ്ചുപേരടങ്ങുന്ന സംഘം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പ്രതികൾ ലഹരിക്കടിമയായിരുന്നു.
മൈസൂരുവില്‍ എം.ബി.എയ്ക്ക് പഠിക്കുന്ന കര്‍ണാടകയ്ക്ക് പുറത്തുനിന്നുള്ള പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. ചാമുണ്ഡി ഹില്‍സിലേക്കുള്ള വിജനമായ പാതയിലായിരുന്നു ഇരുവരും ഉണ്ടായിരുന്നത്. അഞ്ചംഗ സംഘം ബൈക്കുകളില്‍ ഇവരെ പിന്തുടര്‍ന്നെത്തുകയായിരുന്നു.
പ്രതികൾ ആദ്യം ആൺകുട്ടിയെ മർദ്ദിച്ച് അവശനാക്കി. തുടര്‍ന്ന് പെണ്‍കുട്ടിയെ സമീപത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അതിനുശേഷം പ്രതികള്‍ കടന്നു കളഞ്ഞു.
രാത്രി 11 മണിയോടെ ഏറെ പ്രയാസപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രധാന റോഡിലേക്ക് നടന്നെത്തിയത്. തുടർന്ന് വഴിയാത്രക്കാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.








