ദിസ്പുർ : പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഭീകര സംഘടനയായ ഷെഹ്സാദ് ഭാട്ടി നെറ്റ്‌വർക്കുമായി ബന്ധമുള്ള ഒരു ഭീകരവാദിയെ അസം പൊലീസിന്റെ പ്രത്യേക ദൗത്യസേന (എസ്ടിഎഫ്) പിടികൂടി. അസമിലെ ഹൈലാകാന്ദി ജില്ലയിലെ റാംനാഥ്പൂർ പ്രദേശത്തുനിന്നാണ് 21 വയസ്സുകാരനായ ഫസൽ ഇസ്ലാം ബർഭൂയാൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈലാകാന്ദി ജില്ലാ പൊലീസുമായി ചേർന്ന് എസ്ടിഎഫ് നടത്തിയ സംയുക്ത തിരച്ചിലിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ വലയിലായത്. പ്രതിയിൽ നിന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി നിർണായക രേഖകളും സാമഗ്രികളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 25-ന് അസമിലെ ധുബ്രി, ചിരാംഗ്, ബാർപേട്ട എന്നീ ജില്ലകളിൽ നിന്ന് ഇതേ ഭീകര ശൃംഖലയിലെ മൂന്ന് അംഗങ്ങളെ എസ്ടിഎഫ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നാലാമത്തെയാൾ പിടിയിലാകുന്നത്. ഇന്ത്യയിലുടനീളം ബോംബ് ആക്രമണങ്ങളും ഗ്രനേഡ് എറിയലും ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളും നടത്താൻ ആസൂത്രണം ചെയ്യുന്ന പ്രധാന ഭീകര സംഘമാണ് ഷെഹ്സാദ് ഭാട്ടി നെറ്റ്‌വർക്ക്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം നാലായി ഉയർന്നതായി അസം പൊലീസ് അറിയിച്ചു.
പോലീസ് ആസ്ഥാനങ്ങൾ, സൈനിക കേന്ദ്രങ്ങൾ, പ്രമുഖ ആരാധനാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് രഹസ്യ വിവരങ്ങൾ ശേഖരിക്കാനും ക്യാമറകൾ സ്ഥാപിക്കാനും ഈ ഭീകരസംഘം പ്രാദേശിക യുവാക്കൾക്ക് വൻ തുക പണം നൽകിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രാജ്യവിരുദ്ധ ശക്തികൾക്കെതിരെയുള്ള കർശന നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ് നടന്നത്. പിടിക്കപ്പെട്ട പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ ഇന്ത്യയിലുള്ള ഇവരുടെ കൂടുതൽ പ്രാദേശിക കണ്ണികളെക്കുറിച്ചും വരും ദിവസങ്ങളിൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസ് കരുതുന്നത്.








