ലഖ്‌നൗ : നേപ്പാളിലെ രസുവയിൽ ഉണ്ടായ ശക്തമായ മിന്നൽ പ്രളയത്തെത്തുടർന്ന് അയൽ സംസ്ഥാനമായ ഉത്തർപ്രദേശിലും വലിയ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്. ഇതേത്തുടർന്ന് അതിർത്തി ജില്ലകളിൽ വൻ ജാഗ്രത പുലർത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദ്ദേശം നൽകി. നേപ്പാളിൽ നിന്ന് ഒഴുക്കുവെള്ളം എത്തുന്നതോടെ ഗന്ധക്, നാരായണി നദികളിൽ ജലനിരപ്പ് പെട്ടെന്ന് ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാരുമായി മുഖ്യമന്ത്രി നേരിട്ട് വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി.
പ്രത്യേകിച്ച് നേപ്പാളുമായി അതിർത്തി പങ്കിടുന്ന മഹാരാജ്‌ഗഞ്ച്, ഖുഷിനഗർ എന്നീ ജില്ലകളിലാണ് ഭരണകൂടം കൂടുതൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്. മുൻകരുതൽ നടപടികളുടെ ഭാഗമായി ഈ മേഖലകളിൽ ദേശീയ ദുരന്തനിവാരണ സേനയെയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്തനിവാരണ സേനയെയും (എസ്ഡിആർഎഫ്) സൈനികരെയും വിന്യസിച്ചു. നദീതീരങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് മുന്നറിയിപ്പ് സൈറണുകൾ നൽകിയിട്ടുണ്ട്. സുരക്ഷിതമായ ഉയർന്ന കെട്ടിടങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറുവാൻ പ്രദേശവാസികളോട് പൊലീസ് അഭ്യർത്ഥിച്ചു.
നേപ്പാളിൽ ഉണ്ടായ ജീവഹാനിയിലും ദുരന്തത്തിലും യോഗി ആദിത്യനാഥ് കടുത്ത ആശങ്ക രേഖപ്പെടുത്തി. കാണാതായവരുടെ ജീവനായി പശുപതിനാഥ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നതായി അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. മഴയിലും ഇടിമിന്നലിലും നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് 24 മണിക്കൂറിനകം നഷ്ടപരിഹാരം നൽകാനും അദ്ദേഹം നിർദ്ദേശം നൽകി. നിലവിൽ അടിയന്തര സാഹചര്യം നേരിടാൻ മുഴുവൻ സർക്കാർ സംവിധാനങ്ങളും അതിർത്തി ജില്ലകളിൽ സജ്ജമാക്കിയിട്ടുണ്ട്.








