ബംഗലൂരു: മൈസൂരു കൂട്ടബലാത്സംഗ കേസിലെ പ്രതികൾ സ്ഥിരം കുറ്റവാളികളെന്ന് പൊലീസ്. ഇവർ അഞ്ച് പേരും തമിഴ്നാട് ഈറോഡ് ജില്ലയിലെ സത്യമംഗലം സ്വദേശികളാണ്. ഒരാളെ പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു.
കേസിലെ ആറുപ്രതികളും മോഷണം അടക്കമുള്ള കേസുകളിൽ സ്ഥിരം കുറ്റവാളികളാണ്. കൂലിപ്പണിക്കാരായ ഇവർ എല്ലാവരും 25-30 വയസിന് ഇടയിലുള്ളവരാണ്. സംഘം സ്ഥിരമായി മൈസൂരു സന്ദർശിക്കുകയും അവിടെ നിന്ന് മോഷണവും പിടിച്ചുപറിയും നടത്തി സ്വദേശത്തേക്ക് മടങ്ങുകയും ചെയ്യുക പതിവാണെന്ന് പൊലീസ് വെളിപ്പെടുത്തി.
പിടിച്ചുപറിയോ മോഷണമോ നടത്തിയ ശേഷം ചാമുണ്ഡി ഹിൽസിന് സമീപം ലളിതാദ്രി നഗറിൽ ഇവർ ഒത്തുകൂടാറുണ്ട്. യുവതിയെയും സുഹൃത്തിനെയും ആക്രമിക്കുമ്പോൾ ഇവരെല്ലാവരും മദ്യലഹരിയിലായിരുന്നു. രണ്ടു പേരെയും സംഘം ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചുകൊണ്ടുപോവുകയും യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് ബോധരഹിതനാക്കിയ ശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.
മൊബൈൽ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പ്രതികൾ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണെന്ന സൂചന കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എന്നാൽ ഇത് പൊലീസ് തിരുത്തുകയാണ്.
ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് സഹപാഠിയെ ആക്രമിച്ചശേഷം ഉത്തരേന്ത്യൻ സ്വദേശിനിയായ 22 വയസ്സുകാരിയെ സംഘം ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. സ്ഥിരമായി ജോഗിങ്ങിന് പോകുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും 25 വയസ്സിനും 30വയസ്സിനും ഇടയിലുള്ളവരാണ് പ്രതികളെന്നുമാണ് പെൺകുട്ടിയുടെ സുഹൃത്തായ യുവാവ് മൊഴി നൽകിയിരുന്നത്. ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ പകർത്തിയശേഷം യുവാവിന്റെ ഫോണിൽനിന്നും പിതാവിനെ വിളിച്ച് പ്രതികൾ മൂന്നു ലക്ഷം രൂപയും ആവശ്യപ്പെട്ടു.







